കോഴിക്കോട് ആനിഹാള്‍ റോഡില്‍  വെച്ച് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന പ്രതികള്‍ പൊലീസിന്റെ പിടിയിലായി. 

കോഴിക്കോട്: കോഴിക്കോട് ആനിഹാള്‍ റോഡില്‍ വെച്ച് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന (Mobile phone stolen) പ്രതികള്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് (Kozhikode) സൌത്ത് ബീച്ച് ചാപ്പയില്‍ സ്വദേശിയായ അറഫാന്‍, കുണ്ടുങ്ങല്‍ സ്വദേശികളായ മുഹമ്മദ് റോഷന്‍, അജ്മല്‍ ഷാജഹാന്‍ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 16-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങി ആനിഹാള്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന കാസര്‍കോഡ് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ സ്കൂട്ടറില്‍ വന്ന പ്രതികള്‍ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു. സിസിടിവി ദ്യശ്യങ്ങളില്‍ നിന്നും പ്രതികളെയും വാഹനവും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

കേസിലെ ഒന്നാം പ്രതിയായ അറഫാന്‍ കോഴിക്കോട് സിറ്റിയിലെ നിരവധി മോഷണ കേസുകളിലേയും, പിടിച്ചു പറികേസുകളിലേയും പ്രതിയാണ്. ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ മാരായ അനൂപ്. എപി, അബ്ദുള്‍ സലീം. വിവി, സീനിയര്‍ സിപിഒമാരായ സജേഷ് കുമാര്‍, രാജേഷ്.എന്‍ സിപിഒമാരായ പ്രബീഷ്, അനൂജ്, പ്രവീണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.