കോഴിക്കോട്: മുക്കം മുത്തരിയിൽ വയോധികയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണ്ണാഭരണങ്ങളും പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങൽ- നമ്പില്ലത്ത് വീട്ടിൽ മുജീബ് റഹ്മാനെ (45)യാണ് കോഴിക്കോട് റൂറൽ എസ്‌പി ഡോ. എ. ശ്രീനിവാസൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് 11 മണിയോടെ ഓമശ്ശേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. മുജീബ് റഹ്മാൻ ഇപ്പോൾ കണ്ണൂർ കൂത്തുപ്പറമ്പ് കിണവക്കൽ പുതുവച്ചേരിയാണ് താമസം.

ജൂലായ് 2-ന് രാവിലെ ആറ് മണിക്ക് മുത്തേരിയിലുള്ള വീട്ടിൽ നിന്ന് ഓമശ്ശേരിയിലുള്ള ഹോട്ടലിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷയിൽ കയറിയ 65 വയസ്സുള്ള വയോധികയെ മുജീബ് റഹ്മാൻ മർദ്ദിച്ച് അവശയാക്കി വായിൽ തുണി തിരുകി കൈകൾ ബന്ധിച്ച് കാപ്പുമല റബ്ബർ എസ്റ്റേറ്റിനടുത്തുള്ള വിജനമായ കുറ്റിക്കാട്ടിൽ എത്തിച്ച് ശാരീരികമായും ലൈംഗീകമായും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന് ശേഷം സ്‌ത്രീയുടെ സ്വർണ്ണ ചെയിനും കമ്മലും ബലമായി പൊട്ടിച്ചെടുക്കുകയും ബാഗും മൊബൈൽഫോണും പണവും കവർച്ച നടത്തുകയും ചെയ്തു. വസ്‌ത്രങ്ങളെല്ലാം മുറിച്ച് കഷ്ണങ്ങളാക്കി സ്‌ത്രീയുടെ ഇരു കൈകളും കേബിൾ വയർ ഉപയോഗിച്ച് കെട്ടി സംഭവസ്ഥലത്തുനിന്ന് ഓട്ടോറിക്ഷയുമായി പ്രതി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വയോധിക പീഡനത്തിന് ഇരയായ സ്ഥലത്തിനടുത്തുള്ള ഒരു വീട്ടിലെത്തിയതോടെ അവിടെയുണ്ടായിരുന്ന സ്‌ത്രീകൾ  കൈകളിലുള്ള കെട്ട് അഴിച്ചുമാറ്റുകയും തുടർന്ന് നാട്ടുകാർ ആശുപത്രിയിലെത്തിച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മുക്കം പോലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും പ്രതിയെ കുറിച്ച് യാതൊരറിവും ലഭിച്ചിരുന്നില്ല. തുടർന്ന് കോഴിക്കോട് റൂറൽ എസ്‌പിയുടെ മേൽനോട്ടത്തിൽ താമരശ്ശേരി ഡിവൈഎസ്‌പി ടി.കെ. അഷ്റഫ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുജീബ് റഹ്മാൻ പിടിയിലാകുന്നത്. നിരവധി സിസിടിവി  ദൃശ്യങ്ങൾ ശേഖരിച്ച് ഓട്ടോഡ്രൈവർമാരെ വിളിച്ചുവരുത്തി അന്വേഷണം നടത്തുകയും ചെയ്തു. കൂടാതെ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലായി സമാന രീതിയിൽ കേസുകളെ കേന്ദ്രീകരിച്ച് നടത്തിയ കുറിച്ച് അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്.

മലപ്പുറം, കൊണ്ടോട്ടി, കൊളത്തുർ, മങ്കര, കുന്നംകുളം, വടകര, പാലക്കാട്, കാസർകോട്, വയനാട് തലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിൽ വാഹന മോഷണം പിടിച്ചുപറി എന്നീ കേസുകൾക്ക് ജയിൽ ശിക്ഷ മുജീബ് റഹ്മാൻ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോൾ മഞ്ചേരി, രാമനാട്ടുകര, കണ്ണൂർ എന്നിവിടങ്ങളിൽ വെച്ചും ഇയാൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. കൊണ്ടോട്ടിയിലെ ഒരു വീടിൻറ വാതിൽ കത്തിച്ച് കവർച്ച നടത്തിയതായും തലശ്ശേരിയിൽ ഓട്ടോറിക്ഷ കളവ് നടത്തിയതായും തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

ജൂലായ് 12-ന് മുക്കം പൂപ്പൊയിൽ വെച്ച് 10 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികളുടെ കൂട്ടാളിയാണ് മുജീബെന്ന് തെളിഞ്ഞിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ്‌പി. ഡോ. എ. ശ്രീനിവാസൻ, താമരശ്ശേരി ഡിവൈഎസ്‌പി ടി.കെ. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിൽ മുക്കം ഐ.പി. സിജു, കോടഞ്ചേരി  ഐ.പി അഭിലാഷ് കെ.പി ,ബാലുശ്ശേരി ഐ.പി ജീവൻജോർജ്, മുക്കം എസ്‌ഐ ഷാജിർ, ക്രൈം സ്ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ഗംഗാധരൻ ,എഎസ്ഐ. ഷിബിൽ ജോസഫ്, ജൂനിയർ എസ് ഐ അനൂപ്, സന്തോഷ് മോൻ, സൈബർ സെൽ എസ്ഐ സത്യൻ ദീപേഷ്, സരേഷ്, ശ്രീജിത്ത്, റിജേഷ്, അമൃത, മുക്കം എസ്ഐ അസൈൻൻ എഎസ്ഐമാരായ സാജു സി, സിപിഒ മാരായ കാസി, ഷഫീഖ്, ഉജേഷ് സിഞ്ജിത്ത്, സ്വപ്ന സിനീഷ്, ശ്രീകാന്ത്, ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.