കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പതിമൂന്നു വയസുകാരിയെ തമിഴ്നാട്ടിലുള്ള കാമുകന്റെ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതിയെയും കൂട്ടാളികളെയും മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടിയുടെ സുഹൃത്തായ മുഖ്യ പ്രതി മണാശ്ശേരി സ്വദേശി മിഥുന്‍ രാജ്(24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിന്‍ (23), പെണ്‍കുട്ടിയുടെ കാമുകനായ തമിഴ്നാട് ഹൊസൂര്‍ കാമരാജ്നഗര്‍ സ്വദേശി ധരണി(22) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത്. പ്രതികളെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി. ഒക്ടോബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുന്‍പ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കര്‍ണാടക തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ഹുസൂരിലെ കാമരാജ്നഗര്‍ സ്വദേശിയായ ധരണിയുമായി പ്രണയത്തിലായിരുന്നു. ധരണിയെ കാണാനായി ഹുസൂരിലേക്ക് പോകാന്‍ പെണ്‍കുട്ടി സുഹൃത്തായ മണാശ്ശേരി സ്വദേശി മിഥുന്‍ രാജിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ ഹുസൂരില്‍ എത്തിക്കാമെന്ന് പറഞ്ഞ് മിഥുന്‍രാജ് പെണ്‍കുട്ടിയെ രണ്ടാം തീയതി പുലര്‍ച്ചേ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ശേഷം മണാശ്ശേരിയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ എത്തിച്ചു പീഡിപ്പിച്ചു. ശേഷം മിഥുന്‍ മറ്റു രണ്ടു കൂട്ടുകാരെയും കൂട്ടി പെണ്‍കുട്ടിയെ ഹുസൂര്‍ ബസ്സ്റ്റാന്‍ഡില്‍ എത്തിച്ചു കടന്നുകളഞ്ഞു.

ഹുസൂരിലെത്തിയ പെണ്‍കുട്ടി കാമുകനായ ധരണിയോടൊപ്പം പോകുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്  മുക്കം പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഹുസൂരിലെത്തിയതായി മനസ്സിലാക്കിയ പോലീസ് ഇന്‍സ്പെക്ടര്‍ ബി.കെ സിജുവിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹുസൂരിലേക്ക് പുറപ്പെടുകയായിരുന്നു.

ക്വട്ടേഷന്‍ സംഘങ്ങള്‍ യഥേഷ്ടം വിളയാടുന്ന ഹുസൂറിലെ കൃഷ്ണഗിരി ജില്ലയില്‍പ്പെടുന്ന കാമരാജ് നഗറില്‍ നിന്നാണ് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള അഞ്ചുപേരടങ്ങുന്ന അന്വേഷണ സംഘം പെണ്‍കുട്ടിയെ കണ്ടെത്തുകയും ധരണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പെണ്‍കുട്ടിയെ മുക്കം സ്റ്റേഷനില്‍ എത്തിച്ചു വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പ്രതികളിലൊരാളായ മിഥുന്‍രാജ് കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് പ്രതികളെ പിടികൂടുന്നതിനായി നിയോഗിച്ച അന്വേഷണ സംഘം ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ മുഖ്യപ്രതിയായ മിഥുന്‍രാജിനെ മണാശ്ശേരിയില്‍ വെച്ചു കസ്റ്റഡിയിലെടുക്കുകയും രണ്ടും മൂന്നും പ്രതികളായ അഖിത്ത് രാജിനെയും ജോബിനെയും പുലര്‍ച്ചെ മുക്കത്തുവെച്ചു പിടികൂടുകയും ചെയ്തു. കൂടാതെ പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോകാനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ.സിജുവിന്റെ നിര്‍ദേശപ്രകാരം എഎസ്ഐമാരായ സലീം മുട്ടത്ത്, ജയമോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍,സ്വപ്ന പ്രേജിത്ത്,രമ്യ, എഎസ്ഐ നാസര്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് കുട്ടിയെ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.