ആലപ്പുഴ: ചേര്‍ത്തല, ചെങ്ങണ്ട പാലത്തിന് സമീപം ചായക്കട നടത്തുന്ന വയോധികന്റെ മാല പൊട്ടിച്ചു കടന്ന രണ്ടു പേര്‍ മാസങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലായി. തകഴി പുത്തന്‍പറമ്പ് വീട്ടില്‍ വിഷ്ണു (23), ചെറുതന ദേവസ്വം തുരുത്ത് വീട്ടില്‍ അമല്‍ രഘുനാഥ് (22) എന്നിവരാണ് ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്. 

ചായക്കട നടത്തുന്ന തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാം വാര്‍ഡ് സീമാ ഭവനില്‍ നടരാജന്റെ മാല കഴിഞ്ഞ ജൂണ്‍ 17നാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചത്. വെളുപ്പിന് ചായ കുടിക്കാനെന്ന ഭാവത്തിലെത്തി നടരാജന്റെ കഴുത്തില്‍ നിന്ന് മാല വലിച്ചുപൊട്ടിച്ചെടുത്ത് പ്രതികള്‍ ബൈക്കില്‍ കടന്നു കളയുകയായിരുന്നു. 

പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇതേ കേസിലെ മറ്റ് രണ്ടു പ്രതികളായ പുത്തനങ്ങാടി സ്വദേശികളായ സിബി, ശിവപ്രസാദ് എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.