താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി കക്കാട് ലത്തീഫിനെയാണ് ജയിലിലടച്ചത്
കോഴിക്കോട്: ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി കക്കാട് ലത്തീഫിനെയാണ് ജയിലിലടച്ചത്. താമരശ്ശേരി പുതുപ്പാടിയില്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ആക്രമണം നടന്നത്. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ ലത്തീഫ് ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഇയാളെ തള്ളിമാറ്റിയ സ്ത്രീ വീടിന് പുറത്തിറങ്ങി ഓടുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന പ്രതി വഴിയില്‍ വച്ചും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് താമരശ്ശേരി പൊലീസ് ലത്തീഫിനെ പിടികൂടുകയും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുകയുമായിരുന്നു.
അനിയന് സ്വപ്ന ബൈക്ക് സമ്മാനിച്ച് ചേട്ടൻ, പണം വന്ന വഴി കണ്ടെത്തി പൊലീസ്; പിന്നാലെ യമഹ എഫ്‍സി കണ്ടുകെട്ടി
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത യുവാവ് സഹോദരന് വാങ്ങി നല്‍കിയ ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് ലഹരി വില്‍പനയിലൂടെ സാമ്പാദിച്ച പണത്തിലൂടെയെന്ന് കണ്ടെത്തി എന്നതാണ്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി തോണിച്ചിറ കരിമ്പാടന്‍ കോളനിയിലെ കെ അജിത്ത് (22), തന്‍റെ സഹോദരന് സമ്മാനമായി നല്‍കിയ യമഹ എഫ് സി മോഡല്‍ ബൈക്കാണ് ലഹരി വില്‍പനയിലൂടെ നേടിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബൈക്ക് പോലീസ് കണ്ടുകെട്ടി. സ്മഗ്ലേഴ്‌സ് ആൻഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി(എസ് എ എഫ് ഇ എം എ) ഉത്തരവ് പ്രകാരമാണ് പൊലീസിന്റെ നടപടി. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് 89 ഗ്രാം എം ഡി എം എയുമായാണ് അജിത്തിനെ പൊലീസ് പിടികൂടിയിരുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി വില്‍പനയിലൂടെ വാങ്ങിയ ബൈക്ക് സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കിയത്.


