2023 ഡിസംബർ 8 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം
ആലപ്പുഴ: പതിനഞ്ച് വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് നാല് വർഷം തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചെത്തിയിൽ മാരാരിക്കുളം നോർത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ കാക്കരിയിൽ ബാസ്റ്റിനെ (39) യാണ് ചേർത്തല അതിവേഗ പോക്സോ കോടതി ജഡ്ജി വാണി കെ എം ശിക്ഷിച്ചത്. 2023 ഡിസംബർ 8 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കുട്ടിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയെന്നതാണ് കേസ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അർത്തുങ്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ഐ പി സി, പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധു, സബ് ഇൻസ്പെക്ടർ ഡി സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബീന, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പോക്‌സോ കേസില്‍ 130 വര്‍ഷം തടവ് ലഭിച്ച പ്രതിക്ക് മറ്റൊരു കേസില്‍ 110 വര്‍ഷം കഠിന തടവും പിഴ ശിക്ഷ വിധിച്ചു എന്നതാണ്. പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി ഒരുമനയൂര്‍ സ്വദേശി മുത്തമ്മാവ് മാങ്ങാടി വീട്ടില്‍ കുഞ്ഞപ്പു മകന്‍ സജീവ (52) നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. 7,75,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം 31 മാസം കൂടി അധിക തടവ് അനുഭവിക്കണം. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടികള്‍ക്ക് മതിയായ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനും പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴ തുക കുട്ടികള്‍ക്ക് നല്‍കാനും വിധിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ കൂട്ടുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഴിഞ്ഞ ദിവസം 130 വര്‍ഷം കഠിനതടവും 8,75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. 2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.
