തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്, സർക്കാർ കരാറുകളിൽ ഏർപ്പെട്ടിരിക്കെയാണ് ഗീതാ സുകു മത്സരിച്ചതെന്ന് സിപിഎം സ്ഥാനാർത്ഥിയായിരുന്ന ശ്രീജ ശ്രീകാന്ത് ഹർജിയിൽ ആരോപിക്കുന്നു. പുനലൂർ മുൻസിഫ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.
കൊല്ലം: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ചട്ടം മറികടന്ന് മത്സരിച്ചെന്ന് ആരോപിച്ച് സ്ഥാനാർത്ഥിയുടെ ജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥി കോടതിയിൽ. ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ അച്ചൻകോവിൽ വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഗീതാ സുകുവിനെതിരെയാണ് സിപിഎം സ്ഥാനാർത്ഥിയായിരുന്ന ശ്രീജ ശ്രീകാന്ത് പുനലൂർ മുൻസിഫ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം സംസ്ഥാന സർക്കാരുമായോ ഏതെങ്കിലും പഞ്ചായത്തുമായോ കോൺട്രാക്ടിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി തിരഞ്ഞെടുപ്പിൽ മത്സരികരുതെന്നാണ് ചട്ടം. എന്നാൽ, ഗീതാ സുകുനാഥ് വനം വകുപ്പുമായും ആര്യങ്കാവ് പഞ്ചായത്തുമായും കരാറിലേർപ്പെട്ടിരുന്നു. ഇക്കാര്യം മറച്ചുവെച്ചാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശ്രീജ കോടതിയെ സമീപിച്ചത്. സ്ക്രൂട്ടിനി സമയത്തു തന്നെ എൽഡിഎഫ് ഏജന്റ് ആക്ഷേപം ഉന്നയിച്ചിരുന്നു.
എന്നാൽ റിട്ടേണിംഗ് ഓഫീസർ പത്രിക സ്വീകരിക്കുകയായിരുന്നു എന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച പുനലൂർ മുൻസിഫ് കോടതി രേഷ്മ ആർഎസ് എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. വാദിക്കു വേണ്ടി അഡ്വ അനീസ് തങ്ങൾകുഞ്ഞാണ് കോടതിയിൽ ഹാജരായത്. സമാനമായ കേസിൽ വിളക്കുടി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് വാർത്തയിൽ ഇടം പിടിച്ചിരുന്നു.


