കല്‍പ്പറ്റ: കുപ്പിവെള്ളം അമിത വിലയ്ക്ക് വിറ്റുവെന്ന പരാതിയെ തുടര്‍ന്ന് വ്യാപാരിക്കെതിരെ സുല്‍ത്താന്‍ബത്തേരി നഗരസഭ നടപടിയെടുത്തു. ടൗണിലെ വിക്ടറി ആശുപത്രിക്ക് സമീപം സ്റ്റേഷനറിക്കട നടത്തുന്ന ഫെയര്‍ലാന്‍ഡ് നല്ലമൂച്ചിക്കല്‍ ഹംസക്കെതിരെയാണ് നഗരസഭാ ആരോഗ്യവിഭാഗം നടപടിയെടുത്തത്. 

ഇയാളില്‍നിന്ന് 1010 രൂപ പിഴയീടാക്കുകയും ഒരുദിവസത്തേക്ക് കടയടപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിയ രോഗി, ഹംസയുടെ കടയില്‍നിന്ന് കുപ്പിവെള്ളം വാങ്ങിയപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച 13 രൂപ എന്നതിന് പകരം 20 രൂപയാണ് ഈടാക്കിയത്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ചെയര്‍മാന്‍ ടി.എല്‍. സാബുവിന്റെ നിര്‍ദേശപ്രകാരമാണ് ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചത്. 

കുപ്പിവെള്ളത്തിനും നിത്യോപയോഗ സാധനങ്ങള്‍ക്കും അമിതവില ഈടാക്കിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്കടക്കം ജില്ലാഭരണകൂടം വില നിശ്ചയിച്ചുണ്ട്. ഈ പട്ടിക ലംഘിച്ചാല്‍ കര്‍ശന നടപടി വ്യാപാരികള്‍ക്കെതിരെ സ്വീകരിക്കാനാണ് തീരുമാനം.