ലോറിയുടെ ചക്രം കയറി ഇറങ്ങിയതാണ് ഇടുപ്പെല്ല് തകരാന്‍ കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിന്‍റെ ഇടുപ്പെല്ല് തകര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് ഇവർ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.  

കാഞ്ഞങ്ങാട്: കാസര്‍കോട് പൈവളിഗ കായര്‍ക്കട്ടയില്‍ ബായാര്‍പദവിലെ നിര്‍ത്തിയിട്ട ടിപ്പർ ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി. ഇക്കഴിഞ്ഞ ജനുവരി പതിനഞ്ചാം തീയതി പുലര്‍ച്ചെയാണ് ബായാര്‍പദവ് സ്വദേശി മുഹമ്മദ് ഹാഷിഫിനെ ടിപ്പര്‍ ലോറിക്ക് സമീപം അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഇടുപ്പെല്ല് തകര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ലോറിയുടെ ചക്രം കയറി ഇറങ്ങിയതാണ് ഇടുപ്പെല്ല് തകരാന്‍ കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിന്‍റെ ഇടുപ്പെല്ല് തകര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് ഇവർ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. മരണത്തിലെ ദൂരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കി സത്യാവസ്ഥ പുറത്ത് കൊണ്ട് വന്നില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

ജനുവരി 15 ബുധനാഴ്ച പുലര്‍ച്ചെയാണ് നിര്‍ത്തിയിട്ട ലോറിയില്‍ ബായാര്‍പദവ് അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഹാഷിഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോറിക്കുള്ളിലും ഡ്രൈവറുടെ സീറ്റിന് സമീപത്തെ ഡോറിലും രക്തക്കറയുണ്ടായിരുന്നു. ഒടിഞ്ഞ മുളവടിയും ലോറിക്ക് അകത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഹാഷിഫിന്‍റെ മരണത്തില്‍ നാട്ടുകാര്‍ സംശയം തോന്നിയത്. ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ അസുഖം കാരണം രക്തം ഛര്‍ദ്ദിച്ച് മരിച്ചതാണോ എന്നായിരുന്നു ആദ്യം സംശയിച്ചത്. 

ഇതിനിടെയിലാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. ലോറിയുടെ ചക്രം കയറി ഇറങ്ങിയാണ് ഇടുപ്പെല്ല് തകർന്നതെന്നാണ് റിപ്പോർട്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് 29 വയസുകാരന്‍ മുഹമ്മദ് ഹാഷിഫ് വീട്ടില്‍ നിന്ന് ടിപ്പര്‍ ലോറിയുമായി ഇറങ്ങിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടില്‍ പ്രശ്നമുണ്ടാക്കി ഗ്ലാസ് അടിച്ച് പൊട്ടിച്ച ശേഷം പുറത്ത് പോവുകയായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കായര്‍ക്കട്ടയില്‍ റോഡരികില്‍ ലോറി കണ്ടത്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More :കഴുത്തിൽ കുരുക്കിട്ടപ്പോൾ പറഞ്ഞത് 'പോയി ചത്തോ' എന്ന്, ലൈംഗിക ഉപദ്രവം, തലക്കടിച്ചു; അനൂപിന്‍റേത് കൊടും ക്രൂരത