പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അടാട്ട് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറെ തടഞ്ഞുവെച്ചു. ശനിയാഴ്ച വിരമിക്കുന്ന അടാട്ട് പഞ്ചായത്ത് സെക്രട്ടറി എ.എം പങ്കജത്തെ വ്യാജ പരാതിയുടെ പേരില്‍ സസ്പെന്റ് ചെയ്തു എന്നാണ് ആരോപണം.

തൃശൂര്‍: സാലറി ചലഞ്ചിനോട് നോ പറഞ്ഞതിന് വിരമിക്കുന്നതിന്‍റെ തലേന്ന് അടാട്ട് പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അടാട്ട് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറെ തടഞ്ഞുവെച്ചു. ശനിയാഴ്ച വിരമിക്കുന്ന അടാട്ട് പഞ്ചായത്ത് സെക്രട്ടറി എ.എം പങ്കജത്തെ വ്യാജ പരാതിയുടെ പേരില്‍ സസ്പെന്റ് ചെയ്തു എന്ന് ആരോപിച്ചാണ് അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് പ്രതിനിധികളും ചേര്‍ന്ന് എ.ഡി.പിയെ ഡിഡിപി ഓഫീസില്‍ തടഞ്ഞുവച്ചത്. 

പ്രളയദുരിതാശ്വസ നിധിയിലേക്ക് പണപിരിവ് നടത്താന്‍ പഞ്ചായത്തധികൃതര്‍ 2006ല്‍ ജില്ലാ സഹകരണ ബാങ്കില്‍ തുടങ്ങിയ അക്കൗണ്ട് ഉപയോഗിച്ചെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വില്ലേജ് ഓഫീസറുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് നടപടിക്കുള്ള കാരണമായി സസ്പെന്‍ഷന്‍ ഉത്തരവില്‍ സൂചിപ്പിക്കുന്നത്. സി.പി.എംകാരനായ ഒരാള്‍ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച വീടിന് നമ്പര്‍ നല്‍കാതിരുന്നതിലുള്ള പ്രതികാരം കൂടി ഈ നടപടിക്ക് പിന്നിലുണ്ടെന്നും സസ്പെന്‍ഷനിലായ അടാട്ട് പഞ്ചായത്ത് സെക്രട്ടറി പങ്കജം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

പാര്‍ട്ടിക്കാരന്‍ ചട്ടലംഘനം നടത്തി പണിത വീടിന് നമ്പര്‍ കൊടുക്കാത്തതില്‍ ദേഷ്യത്തില്‍ പി.കെ. ബിജു എംപി വഴിയാണ് നടപടിക്ക് വിധേയമായ പരാതി മുഖ്യമന്ത്രി അയച്ചിട്ടുള്ളതെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. എംപിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും എംഎല്‍എ കൂട്ടിചേര്‍ത്തു. ഇത്തരം പ്രതികാര നടപടികള്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്നും പ്രശ്ന പരിഹാരം ഉണ്ടാവുന്നത് വരെ ഡയറക്ടര്‍ ഓഫീസിലെ ഉപരോധം തുടരുമെന്നും തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും അനില്‍ അക്കര വ്യക്തമാക്കി.