Asianet News MalayalamAsianet News Malayalam

ആദിത്യ ഇനി രാജ്യത്തിനായി ക്രിക്കറ്റ് കളിക്കും; ഫുട്ബാളിനെ സ്നേഹിച്ച പെണ്‍കുട്ടി ദേശീയ സ്‌കൂള്‍ ടീമില്‍

ഫുട്ബാള്‍ ഏറെ ഇഷ്ടപ്പെടുന്ന, സ്‌കൂളിനെ പ്രതിനിധീകരിച്ച് ജില്ലക്ക് പുറത്തുപോയി കളിച്ച ആദിത്യ ക്രിക്കറ്റ് കളിക്കാരിയായത് വെള്ളമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാംതരത്തില്‍ ചേര്‍ന്നത് മുതലാണ്.
 

Adithya got selection in National tennis ball cricket Team
Author
Kalpetta, First Published Jan 18, 2021, 9:21 PM IST

കല്‍പ്പറ്റ: ഏത് സമയവും ക്രിക്കറ്റ് കളിച്ചു നടക്കുന്ന പെണ്‍കുട്ടിയെന്ന് 'പേര്' കേള്‍പ്പിച്ച ഒരാളുണ്ട് വയനാട്ടില്‍. ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ ദേശീയ സ്‌കൂള്‍
ടീമില്‍ ഇടം നേടിയ വെള്ളമുണ്ട പാലമൊട്ടമ്മല്‍ സി.ആര്‍. ആദിത്യയാണ് ആ പെണ്‍കുട്ടി. അടുത്തമാസം നേപ്പാളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ടീമിന്റെ ജേഴ്‌സിയണിയും. ''പെണ്‍കുട്ട്യോളായാല്‍ അടുക്കളയില്‍ അമ്മയെ സഹായിക്കണം'' എന്ന അമ്മയുടെ പല്ലവി ഇപ്പോള്‍ ഈ പ്ലസ് വണ്‍കാരി കേള്‍ക്കാറെയില്ല. അത് പറയാന്‍ അമ്മക്കും കഴിയില്ല. അത്രയും ഉയരെയാണ് മകള്‍ എത്തിനില്‍ക്കുന്നതെന്ന് അമ്മ ബിന്ദുവിനും അച്ഛന്‍ വെള്ളമുണ്ട പുളിഞ്ഞാല്‍ പാലമൊട്ടം കുറിച്യത്തറവാട്ടിലെ രമേശനും അറിയാം. 

ഫുട്ബാള്‍ ഏറെ ഇഷ്ടപ്പെടുന്ന, സ്‌കൂളിനെ പ്രതിനിധീകരിച്ച് ജില്ലക്ക് പുറത്തുപോയി കളിച്ച ആദിത്യ ക്രിക്കറ്റ് കളിക്കാരിയായത് വെള്ളമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളില്‍ എട്ടാംതരത്തില്‍ ചേര്‍ന്നത് മുതലാണ്. കായിക അധ്യാപകന്‍ ലൂയീസ് പള്ളിക്കുന്നാണ് ആദിത്യയിലെ ക്രിക്കറ്റ് കളിക്കാരിയെ കണ്ടെത്തിയത്. അതോടെ ഫുട്ബാളിനെക്കാളും ശ്രദ്ധ ക്രിക്കറ്റില്‍ വെച്ച് തുടങ്ങിയെന്ന് പെണ്‍കുട്ടി പറഞ്ഞു. മുറ്റത്തും വയലിലുമെല്ലാം ഷോട്ടുകള്‍ പറത്തി ഒപ്പമുള്ളവരെ അവള്‍ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. 2019-ല്‍ ആന്ധ്രയില്‍ നടന്ന സെലക്ഷന്‍ ക്യാമ്പില്‍നിന്നാണ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. വെള്ളമുണ്ട ഹൈസ്‌കൂളില്‍ എട്ടാംതരത്തില്‍ പ്രവേശനംനേടിയതു മുതലാണ് കായികരംഗത്ത് ഊന്നല്‍നല്‍കുന്നത്. കോച്ച് ലൂയീസ് ക്രിക്കറ്റില്‍ കൂടുതല്‍ പരിശീലനത്തിനായി കൃഷ്ണഗിരി സ്റ്റേഡിയത്തിലേക്ക് പോകാന്‍ പറഞ്ഞിരുന്നെങ്കിലും വീട്ടില്‍ നിന്ന് ഏറെ ദൂരെയായതിനാല്‍ പോയി വരാനൊക്കെ ബുദ്ധിമുട്ടായപ്പോള്‍ ശ്രമം ഉപേക്ഷിച്ചു.

പിന്നീട് മാനന്തവാടിയില്‍ പരിശീലിക്കാന്‍ തീരുമാനിച്ചെങ്കിലും കൊവിഡ് വന്നതോടെ വീട്ടിലൊതുങ്ങിയത്രേ. ഇപ്പോള്‍ വീട്ടുമുറ്റത്തുതന്നെയാണ് പരിശീലനം.  കൂലിപ്പണിയില്‍നിന്നും സ്വന്തമായുള്ള കൃഷിയിടത്തില്‍നിന്നുമുള്ള ചെറിയ വരുമാനം ഈ ആദിവാസി കുടുംബം ജീവിക്കുന്നത്. ചെറിയ വരുമാനത്തിലും മകളെ കൂടുതല്‍ ഉയരത്തിലെത്തിക്കണമെന്നതാണ് രക്ഷിതാക്കളുടെ ആഗ്രഹം. എന്നാല്‍ കൂടുതല്‍ പരിശീലനത്തിനോ യാത്രകള്‍ക്കോ ചെലവഴിക്കാന്‍ പണമില്ല. 

ടെന്നീസ് ബോളില്‍നിന്ന് സ്റ്റിച്ച് ബോള്‍ ക്രിക്കറ്റിലേക്ക് മാറണമെന്ന് ആദിത്യക്ക് ആഗ്രമഹമുണ്ട്. കഠിനപരിശീലനത്തിന് പണവും ആവശ്യമായി വരുമെന്നതിനാല്‍ അത് ആഗ്രഹമായി തന്നെ നില്‍ക്കുകയാണ്. ഹയര്‍സെക്കന്‍ഡറി പഠനത്തിനുശേഷം സ്പോര്‍ട്‌സ് അക്കാദമിയാണ് ലക്ഷ്യം. സഹോദരന്‍ ആദിത്യനും അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ആദിത്യയുടെ കായികമികവില്‍ പ്രതീക്ഷകളേറെയാണ്. ഏതായാലും ചെറുപ്പം മുതല്‍ ഫുട്ബാളും ക്രിക്കറ്റും ഇഷ്ടപ്പെട്ട ആദിത്യ ഇളംതലമുറക്ക് മാതൃകയാണ്.
 

Follow Us:
Download App:
  • android
  • ios