ആദിത്യന്റെ ദുരവസ്ഥ പരിഹരിക്കാൻ സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മുന്നോട്ട് വരികയായിരുന്നു. സ്കൂളിലെ കുട്ടികൾ നൽകിയ സഹായവും ഒരു പൂർവ്വ വിദ്യാർത്ഥിയുടെ അകമഴിഞ്ഞ സാമ്പത്തിക സഹായവും തുണയായി. 

ചേര്‍ത്തല: പട്ടണക്കാട് എസ് സി യു ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ്സ് വിദ്യർത്ഥി ആദിത്യന് പരാശ്രയമില്ലാതെ ഇനി മുതൽ പുറത്തിറങ്ങാം. സ്കൂളിലെ സ്റ്റുഡൻസ് പൊലീസ് ആസൂത്രണം ചെയ്ത സഹപാഠിക്കൊരു സമ്മാനം എന്ന പദ്ധതിയിലൂടെ 1,76,000 രൂപ വിലവരുന്ന ഇലക്ട്രിക് വീൽചെയർ വാങ്ങി നൽകിയപ്പോൾ ആദിത്യന്റെ സ്വപ്നം പൂവണിഞ്ഞു. ജന്മനാ അംഗ പരിമിതനായ ആദിത്യനെ ചെറിയ ക്ലാസുകളിൽ രക്ഷാകർത്താക്കൾ എടുത്ത് കൊണ്ടുപോയാണ് പഠിപ്പിച്ചിരുന്നത്. മുതിർന്നപ്പോൾ അതിന് കഴിയാതെ വന്നു. 

ഇതോടെ ആദിത്യന് സ്കൂൾ ഒരു സ്വപ്നം മാത്രമായി മാറി. ഈ ദുരവസ്ഥ പരിഹരിക്കാൻ സ്ക്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മുന്നോട്ട് വരികയായിരുന്നു. സ്കൂളിലെ കുട്ടികൾ നൽകിയ സഹായവും ഒരു പൂർവ്വ വിദ്യാർത്ഥിയുടെ അകമഴിഞ്ഞ സാമ്പത്തിക സഹായവും തുണയായി. അടുത്ത വർഷം 8 ലക്ഷം രൂപ സമാഹരിച്ച് സ്ക്കൂളിലെ വീടില്ലാത്ത ഒരു വിദ്യാർത്ഥിക്ക് വീടു നിർമ്മിച്ചു നൽകുമെന്ന് സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ചുമതല വഹിക്കുന്ന അധ്യാപകനായ എൻ ജി ദിനേഷ് കുമാർ പറഞ്ഞു. 

പട്ടണക്കാട് പഞ്ചായത്ത് നാലാം വാർഡ് കൃഷ്ണാലയത്തിൽ കൂലിപ്പണിക്കാരനായ മുരളീ-വിജി ദമ്പതികളുടെ മകനാണ് ആദിത്യൻ. സഹോദരി അഞ്ജന ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ശാരീരികാവശതകൾ മൂലം എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയില്ലെങ്കിലും ആദിത്യൻ പക്ഷെ പഠന കാര്യത്തിൽ അതീവ താൽപര്യം കാണിക്കാറുണ്ട്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആലപ്പുഴ അഡീഷണൽ പൊലീസ് സൂപ്രണ്ട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. 

ടി ഫെറാഷ് വീൽചെയർ ആദിത്യന് കൈമാറി. ജില്ലാ പഞ്ചായത്തംഗം എന്‍ എസ് ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. ബിജു, അസ്‌ലാം, വി കെ സാബു, ഉഷാദേവി, പ്രസന്നകുമാരി, ശ്രീജ ശശിധരൻ, ബോബൻ വി എ, ഹരിപ്രിയ എം, റജീന, ഷേർലി, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. ദിനേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ കെ ഭാർഗവി നന്ദി പറഞ്ഞു. 

വെൺമണി ഇരട്ടക്കൊലപാതകം; പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ

ആലപ്പുഴ: വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എ പി ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തി വീട് കവർച്ച ചെയ്ത കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവർ കുറ്റക്കാരാണെന്നാണ് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോർജ്ജ് വിധി. 

കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി. പ്രതികൾക്ക് നൽകേണ്ട ശിക്ഷ നാളെ വിധിക്കും. 2019 നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 

കൊലപാതകത്തിന് ശേഷം 45 പവൻ സ്വർണാഭരണവും 17,338 രൂപയും അപഹരിച്ച ശേഷം കടന്ന പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 

103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി. കേസിൽ വിശാഖപട്ടണം ആർ പി എഫ് പൊലീസിലെ 5 പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് സോളമൻ, സരുൺ കെ ഇടുക്കുള എന്നിവർ ഹാജരായി.