പരുമലക്കടവിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണുകളിൽ സ്വകാര്യ ആശുപത്രിയുടെ പരസ്യ ബോർഡുകൾ സ്ഥാപിച്ച് കഴിഞ്ഞു. തൃക്കുരട്ടി ജംഗ്ഷനിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.
മാന്നാർ: തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനെതിരെ പരാതി. പരസ്യ ബോർഡ് സ്ഥാപിക്കുന്നതിലൂടെ ക്ഷേത്ര ഗോപുരത്തിന്റെ കാഴ്ച മറയുമെന്നതിനാൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. പരുമലക്കടവിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണുകളിൽ സ്വകാര്യ ആശുപത്രിയുടെ പരസ്യ ബോർഡുകൾ സ്ഥാപിച്ച് കഴിഞ്ഞു. തൃക്കുരട്ടി ജംഗ്ഷനിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന്‍റെ പ്രാരംഭ നടപടികൾ ആരംഭിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.
പരസ്യ ബോർഡ് സ്ഥാപിക്കുവാനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ഈ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിലൂടെ ക്ഷേത്ര ഗോപുരത്തിന്റെ കാഴ്ച മറയ്ക്കുന്നതാണെന്നും നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തൃക്കുരട്ടി ക്ഷേത്ര ഉപദേശകസമിതി മാന്നാർ ഗ്രാമ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവർക്ക് പരാതികൾ നൽകിയിട്ടുണ്ടെന്ന് ഉപദേശകസമിതി പ്രസിഡന്‍റ് കലാധരൻ കൈലാസം പറഞ്ഞു.
അതേസമയം, മാന്നാറിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനുള്ള അനുവാദം ആർക്കും നൽകിയിട്ടില്ലെന്നും അതിനായി ആരും സമീപിച്ചിട്ടില്ലെന്നും പൊതുമരാമത്ത് മാന്നാർ റോഡ് സെക്ഷൻ അസിസ്റ്റന്‍റ് എൻജിനീയർ ബിജുനാ എലിസബത്ത് മാമ്മനും പരസ്യ ബോർഡുകൾ സ്ഥാപിച്ചത് പഞ്ചായത്ത് അറിഞ്ഞിട്ടില്ലെന്നും അനുമതി കൂടാതെ സ്ഥാപിച്ചവർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി വി രത്നകുമാരി പറഞ്ഞു.
