Asianet News MalayalamAsianet News Malayalam

മാലിന്യം നിക്ഷേപിച്ചതിനെച്ചൊല്ലി തര്‍ക്കം; ഹെല്‍മെറ്റ് കൊണ്ട് അടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

മാലിന്യം നിക്ഷേപിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അഭിഭാഷകന്‍ ഹെല്‍മെറ്റ് കൊണ്ടുള്ള അടിയേറ്റ് മരിച്ചു. 

advocate died after beaten by helmet in dispute over waste dumping
Author
Chengannur, First Published Mar 7, 2020, 2:29 PM IST

ചെങ്ങന്നൂര്‍: ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി എബ്രഹാം വര്‍ഗീസാ(65)ണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

പുത്തന്‍കാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം കളയാന്‍ പോയ എബ്രഹാം ഏറെ നേരം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മൊബൈല്‍ ഫോണിലേക്ക് വിളിച്ചു. എന്നാല്‍ ഫോണ്‍ എടുത്തവര്‍ പറഞ്ഞത് എബ്രഹാം വാഹനത്തിന് മുന്നില്‍ വീണ് മരിച്ചെന്നും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെന്നുമാണ്. പിന്നീട് എബ്രഹാം മരിച്ചു.  

മാലിന്യം നിക്ഷേപിച്ച് എബ്രഹാം സ്കൂട്ടറില്‍ മടങ്ങുന്നത് കണ്ട നാട്ടുകാരനായ യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തി എബ്രഹാമിനെ പിന്തുടര്‍ന്നു. ബൈക്കുകളില്‍ പോയ യുവാക്കള്‍ എബ്രഹാമിന്‍റെ സ്കൂട്ടറിന് കുറുകെ നിര്‍ത്തി തടഞ്ഞു. എബ്രഹാമിന്‍റെ ഹെല്‍മെറ്റ് പിടിച്ചു വാങ്ങിയ ഇവര്‍ വാക്കുതര്‍ക്കത്തിനിടെ ഹെല്‍മെറ്റ് കൊണ്ട് ഇയാളുടെ തലക്കടിക്കുകയും ചെയ്തു. ബോധരഹിതനായ എബ്രഹാമിനെ ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ സ്വീകരിക്കാത്തതിനാല്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. 

Follow Us:
Download App:
  • android
  • ios