തിരുവനന്തപുരം: ഉയർന്ന ഇടങ്ങളിലെ തീ അണയ്ക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഇനി പുതിയ സംവിധാനം. ബിപിസിഎൽ കൊച്ചിൻ റിഫൈനറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഏരിയൽ ഹൈഡ്രോളിക് പ്ലാറ്റ്ഫോം ചീഫ് സെക്രട്ടറി കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു.

തീപിടിക്കുന്ന വിഷവാതകച്ചോർച്ച, ഉയർന്ന കെട്ടിടങ്ങളിലെ അഗ്നിബാധ, എന്ന് തുടങ്ങി മണ്ണിടിച്ചിലും ഭൂകമ്പം പോലുള്ള എല്ലാ അടിയന്തര സാഹചര്യങ്ങളേയും നേരിടുന്നതിന് ഇനി ഏരിയൽ ഹൈഡ്രോളിക് പ്ലാറ്റ്ഫോമുണ്ട്. ഒരേ സമയം അഞ്ച് പേർക്ക് നിൽക്കാനും 44 മീറ്റർ വരെ ഉയരത്തിലുമെത്താനുള്ള ശേഷി, ഉയര്‍ന്ന ഇടങ്ങളിൽ കുടുങ്ങിയിരിക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനു വേണ്ടി സ്‌പൈറൽ റസ്‌ക്യു ച്യൂട്ട് എന്നിവയും ഏരിയൽ ‍ഹൈഡ്രോളിക് പ്ലാറ്റ്ഫോമിന്റെ പ്രത്യേകതയാണ്. ചീഫ് സെക്രട്ടറി ടോം ജോസാണ് പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ആഗോളതലത്തില്‍ ട്രക്ക് മൗണ്ടഡ് ഏരിയൽ പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുന്ന ഫിന്‍ലാന്‍ഡിലെ ബ്രോണ്‍റ്റോ സ്‌കൈലിഫ്റ്റ് ആണ് ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത്.എട്ടുകോടി രൂപയാണ് ഉപകരണത്തിന്റെ വില. കൊച്ചിൻ റിഫൈനറിയുടെ സുരക്ഷാസംവിധാനം 100 ശതമാനവും ഉറപ്പുവരുത്താൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ ഉപകരണങ്ങൾ എത്തിച്ചത്.