കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച 7 നിലകളുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 7നില കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 19 തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ വലിയ വികസനമാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയാണ് ഈ നിലയില്‍ വികസിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നും 76.13 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്. ബേസ്‌മെന്റ് ഉള്‍പ്പെടെ 7 നിലയുള്ള കെട്ടിടത്തില്‍ 130 ഓളം കിടക്കകളാണ് സജ്ജമാക്കുന്നത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ആശുപത്രിയുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. കുണ്ടറയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഇതേറെ സഹായകരമാകും.
ഇലക്ട്രിക്കല്‍ റൂം, ഗ്യാസ് മാനിഫോള്‍ഡ്, ലോണ്‍ഡ്രി, എസ്.ടി.പി. മോര്‍ച്ചറി എന്നിവ ഉള്‍പ്പെടുന്നതാണ് ബേസ്‌മെന്റ് ഏരിയ. ബേസ്‌മെന്റ് ഫ്‌ളോറില്‍ പോസ്റ്റ് മോര്‍ട്ടം, ഫ്രീസര്‍ മോര്‍ച്ചറി (2), എസ്ടിപി, ഓക്‌സിജന്‍ പ്ലാന്റ്, ഫയര്‍ റൂം, ഇലക്ട്രിക്കല്‍ റൂം, ബയോ മെഡിക്കല്‍ വേസ്റ്റ് റൂം എന്നിവയുണ്ടാകും. ഗ്രൗണ്ട് ഫ്‌ളോറില്‍ അത്യാഹിത വിഭാഗം, 7 കിടക്കകള്‍ (ഒബ്‌സെര്‍വഷന്‍), എക്‌സ് റേ, അള്‍ട്രാസൗണ്ട്, ഒന്നാമത്തെ നിലയില്‍ മെയില്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, മെയില്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഫീമെയില്‍ സര്‍ജിക്കല്‍ വാര്‍ഡ്, രണ്ടാമത്തെ നിലയില്‍ ഒപി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, സിഎസ്എസ്ഡി, മൂന്നാമത്തെ നിലയില്‍ ഓപ്പറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, നാലാമത്തെ നിലയില്‍ മെയില്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, ഡെന്റല്‍ യൂണിറ്റ്, അഞ്ചാമത്തെ നിലയില്‍ മെയില്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, പീഡിയാട്രിക് വാര്‍ഡ്, ആറാമത്തെ നിലയില്‍ പേ വാര്‍ഡ് എന്നിവയാണുള്ളത്.
1920കളില്‍ കുണ്ടറ സിറാമിക്‌സിലെ ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വേണ്ടി ഡിസ്‌പെന്‍സറിയായി തുടങ്ങിയ ആശുപത്രിയാണ് ഇപ്പോള്‍ വികസന കുതിപ്പിന്റെ നെറുകയിലെത്തിയിരിക്കുന്നത്. കൊല്ലം ജില്ലയിലെ 4 താലൂക്ക് ആശുപത്രികളില്‍ ഒന്നായ കുണ്ടറ താലൂക്ക് ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും ആധുനിക ചികിത്സാ സജ്ജീകരണങ്ങള്‍ സാധ്യമാക്കിയും ആതുര ശുശ്രൂഷ രംഗത്ത് പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്.


