തൃശൂര്‍: ആഫ്രിക്കൻ ഒച്ചിന്റെ എണ്ണം പെരുകിയതോടെ പൊറുതിമുട്ടി പൊലീസുകാർ. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ ഓഫീസിന്റെ അകവും പുറവും പാചകമുറിയും ആഫ്രിക്കന്‍ ഒച്ചുകള്‍ വളഞ്ഞുകഴിഞ്ഞു. ജനലഴികളിലൂടെയും ചുവരിനു മുകളിലെ എയര്‍ ഹോളിലൂടെയും കടന്നു വരുന്ന ഒച്ചുകള്‍ ഓഫീസിനുള്ളിലെ ഉപകരണങ്ങളിലും ഫയലുകളിലും കയറിക്കൂടിയ നിലയിലാണ്. 

സ്റ്റേഷന്റെ പുറംചുമരില്‍ കൂട്ടംകൂട്ടമായാണ് ഒച്ചുകള്‍ പറ്റിയിരിക്കുന്നത്. മുന്‍വശത്തെ പരാതിക്കാരുടെ കാത്തിരിപ്പു സ്ഥലത്തും ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യമുണ്ട്. ഉപ്പും മണ്ണെണ്ണയുമെല്ലാം ഉപയോഗിച്ച് ഒച്ചുകളെ തുരത്താന്‍ പൊലീസുകാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും പൂർണ്ണ തോതിൽ ഫലംകാണുന്നില്ല. 

ആഫ്രിക്കന്‍ ഒച്ചുകള്‍ അപകടകാരികളാണെന്നും തൊട്ടാല്‍ വിഷമേല്‍ക്കുമെന്നുമുള്ള ആശങ്കയിലാണ് പൊലീസുകാര്‍. രണ്ടാഴ്ച മുന്‍പ് സമീപത്തെ  20 ഓളം വീടുകളില്‍ ആഫ്രിക്കന്‍ ഒച്ചു ശല്യമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മരുന്നുതളിച്ചിരുന്നു. എന്നാല്‍ ഒച്ചിനെ തുരത്താന്‍ ഉപയോഗിക്കുന്ന മരുന്ന് വിഷമാണെന്നും മനുഷ്യർക്ക് ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന ഭീതി പരന്നു. സ്റ്റേഷനിലെ ഒച്ച് ശല്യത്തിന് അടിയന്തിര പരിഹാരം കാണണമെന്നും ആരോഗ്യ വകുപ്പ് ഇടപെടണമെന്നുമാണ് പൊലീസുകാരുടെ ആവശ്യം.