കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് വഹിക്കേണ്ടത്. എന്നാല്‍ കേന്ദ്ര വിഹിതത്തിന് കാത്തുനില്‍ക്കാതെ ഉടനെ തന്നെ രോഗബാധ സ്ഥിരീകരിച്ച ജില്ലകള്‍ സന്ദര്‍ശിച്ച് പന്നികളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഉന്മൂലനം ചെയ്യേണ്ടി വന്ന പന്നിക്കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഈ മാസം തന്നെ നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. കേന്ദ്ര സഹായത്തിന് കാത്തുനില്‍ക്കാതെ വേഗം തന്നെ നഷ്ടപരിഹാരം നല്‍കാനാണ് ശ്രമം. രോഗപ്രതിരോധം, നഷ്ടപരിഹാരം എന്നീ ഇനങ്ങളില്‍ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനായി ഉത്തരവിട്ടതായി മന്ത്രി അറിയിച്ചു.
കര്‍ഷകര്‍ക്ക് സംഭവിച്ച നഷ്ടം തിട്ടപ്പെടുത്തുവാന്‍ അതത് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, ബീഹാറിലും ആഫ്രിക്കന്‍ പന്നിപ്പനി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നുവെങ്കിലും വയനാട് ജില്ലയിലെ മാനന്തവാടി, തവിഞ്ഞാല്‍, നെന്മേനി എന്നിവിടങ്ങളിലും കണ്ണൂര്‍ ജില്ലയിലെ കണിച്ചാര്‍ പഞ്ചായത്തിലും രോഗബാധ സ്ഥിരീകരിക്കുകയുണ്ടായി.
ഇതേത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ആക്ഷന്‍ പ്ലാന്‍ പ്രകാരം രോഗപ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ നശിപ്പിക്കേണ്ടി വന്നു. വയനാട് ജില്ലയില്‍ 702 പന്നികളെയും, കണ്ണൂര്‍ ജില്ലയില്‍ 247 പന്നികളെയുമാണ് ഉന്മൂലനം ചെയ്തത് (Culling).
കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് വഹിക്കേണ്ടത്. എന്നാല്‍ കേന്ദ്ര വിഹിതത്തിന് കാത്തുനില്‍ക്കാതെ ഉടനെ തന്നെ രോഗബാധ സ്ഥിരീകരിച്ച ജില്ലകള്‍ സന്ദര്‍ശിച്ച് പന്നികളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ച ദ്രുത കര്‍മ്മസേന അംഗങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
ഇക്കഴിഞ്ഞ ജുലൈ 22-നാണ് വയനാട്ടിലെ മാനന്തവാടിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി (african swine flu) സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ വയനാട്ടിലെ തവിഞ്ഞാലിലിലും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് സ്വകാര്യ പന്നിഫാമിലെ പന്നികള്‍ക്കും ഇതേ സമയം തന്നെ പന്നിപ്പനി സ്ഥിരീകരിച്ചു. അതിനു ശേഷം, വയനാട് നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലുള്ള ഫാമിലും പന്നിപ്പനി കണ്ടെത്തി. തുടര്‍ന്നാണ് ഫാമിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടി സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റില്‍ പരിശോധനയും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരുന്നത് തടയുകയും ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്നി പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.ചെള്ളുകള്‍ വഴിയാണ് പന്നികള്‍ക്ക് രോഗം ഉണ്ടാകുന്നത്. അതേ സമയം മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ല ഇതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
