തൊടുപുഴയിൽ ചെയർമാന്‍റെ രാജിക്ക് പിന്നാലെ വൈസ് ചെയർമാനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്
എൽഡിഎഫ് പ്രതിനിധിയായ നഗരസഭ വൈസ് ചെയർപഴ്സൻ ജെസി ആന്റണിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
തൊടുപുഴ: തൊടുപുഴ നഗരസഭ ഭരണം തിരിച്ച് പിടിക്കാനുള്ള നീക്കത്തിനിടെ വൈസ് ചെയർമാനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി യുഡിഎഫ്. എൽഡിഎഫ് പ്രതിനിധിയായ നഗരസഭ വൈസ് ചെയർപഴ്സൻ ജെസി ആന്റണിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. യുഡിഎഫിന് കൗൺസിലിൽ കൂടുതൽ അംഗങ്ങൾ ആയതോടെയാണ് കേരള കോൺഗ്രസ് -എം പ്രതിനിധിയായ ജെസി ആന്‍റണിയെ അവിശ്വാസത്തിലൂടെ പുറത്താക്കാനുള്ള നീക്കം ആരംഭിച്ചത്.
യുഡിഎഫ് പക്ഷത്തുള്ള 13 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ നോട്ടീസ് ഇന്നലെ ഇടുക്കിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർക്ക് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ കെ ദീപക് കൈമാറി. നിയമ പ്രകാരം രണ്ടാഴ്‌ചക്കുള്ളിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് വരും. നഗരസഭ ചെയർമാൻ കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് രാജി വച്ചിരുന്നു. തുടർന്ന് ഭരണം തിരിച്ച് പിടിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വൈസ് ചെയർമാൻമാനെതിരെ യുഡിഎഫിന്‍റെ നീക്കം.
ഇതിനിടെ മുൻ ചെയർമാൻ സനീഷ് ജോർജ് രാജി വച്ചതിനെ തുടർന്ന് പുതിയ ചെയർമാൻ തിരഞ്ഞെടുപ്പ് ആഗസ്ത് 12 ന് നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിനാണ് ഭരണം ലഭിക്കാനുള്ള സാധ്യത. യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്ന 11-ാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ 35 അംഗ കൗൺസിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്. നിലവിൽ യുഡിഎഫ്- 13 എൽഡിഎഫ്- 12 ബിജെപി- 8, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫ് സ്ഥാനാർഥികളായി ജയിച്ച ശേഷം എൽഡിഎഫിന് ഒപ്പം ചേർന്ന ജെസി ജോണിയും മാത്യു ജോസഫും കൂറുമാറ്റ നിരോധന നിയമ പ്രകാരം പുറത്തായതോടെയാണ് കൈവിട്ടു പോയ ഭരണം പിടിക്കാൻ യുഡിഎഫ് രംഗത്ത് വന്നിരിക്കുന്നത്.
ജെസി ജോണി വിജയിച്ച വാർഡിൽ കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുകയും മാത്യു ജോസഫിനെ അയോഗ്യനാക്കുകയും ചെയ്തതോടെ എൽഡിഎഫ് പക്ഷത്ത് രണ്ടു സീറ്റുകൾ കുറഞ്ഞു. ഇതോടെ എൽഡിഎഫ് 12 സീറ്റിലേക്ക് താഴ്ന്നു. യുഡിഎഫിന് 13 സീറ്റായി. കൈക്കൂലി കേസിനെ തുടർന്ന് ചെയർമാൻ സ്ഥാനം രാജി വച്ച സനീഷ് ജോർജ് യുഡിഎഫിനൊപ്പം നിൽക്കുകയോ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കുകയോ ചെയ്താൽ ഭരണം അവർക്ക് ലഭിക്കാനാണ് സാധ്യത. അതേസമയം ചെയർമാൻ തിരഞ്ഞെടുപ്പിൽ സനീഷ് ജോർജ് എൽഡിഎഫിനൊപ്പം തന്നെ നിന്നാൽ തുല്യം അംഗങ്ങളാകുകയും നറുക്കെടുപ്പു വേണ്ടി വരികയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം