തിരൂര്‍: മലപ്പുറം തിരൂരില്‍ മധ്യവയസ്ക്കയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതായി പരാതി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരം നടത്തുമെന്ന് നാട്ടുകാര്‍ അറിയിച്ചു.

തിരൂര്‍ സൗത്ത് അന്നാര സ്വദേശി അര്‍ജ്ജുൻ ശങ്കറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ല. അര്‍ജ്ജുൻ ശങ്കര്‍ നാട്ടിലില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പിടികൂടാൻ പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചു.  ഫെബ്രുവരി പത്തിനായിരുന്നു വീട്ടമ്മക്കു നേരെ ആക്രമണം നടന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവ് വീട്ടമ്മയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

ഭര്‍ത്താവ് പത്രം വാങ്ങാനായി പുറത്തു പോയ സമയത്താണ് യുവാവ് വീട്ടിനകത്ത് കയറിയത്. വീട്ടമ്മയുടെ പരാതിയില്‍ തിരൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പെട്ടെന്ന് പിടികൂടാനായിട്ടില്ല. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഒളിവിലുള്ള പ്രതിക്കായായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടണ്ട്.  

ഗുരുവായൂരിലെ ഒരു ബാറില്‍ ജോലി ചെയ്യുന്നുണ്ടെന്ന് സൂചന കിട്ടിയതോടെ അവിടെയെത്തി അന്വേഷിച്ചെന്നും അപ്പോഴേക്കും അവിടെ നിന്നും പ്രതി മുങ്ങിയെന്നും പൊലീസ് അറിയിച്ചു.