ഇടുക്കി: മൂന്നാർ ലോക്കാട് ഗ്യാപ് റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. കൂറ്റൻ പാറക്കല്ലുകൾ താഴേക്ക് പതിച്ച് നിർമ്മാണത്തിലിരുന്ന റോഡ് തകർന്നു. ഇതോടെ മണ്ണിടിച്ചിലിൽ കാണാതായ ജെസിബി ഓപ്പറേറ്റർ തമിഴരശന് വേണ്ടിയുള്ള തിരച്ചിൽ കൂടുതൽ ദുഷ്കരമായി.

കഴിഞ്ഞ ചൊവ്വാഴ്ച മണ്ണിടിച്ചിലുണ്ടായതിന് അൽപം മാറിയാണ് വീണ്ടും മണ്ണിടിഞ്ഞത്. ഗ്യാപ് റോഡ് നിർമാണത്തിനായി ഈ ഭാഗത്ത് വലിയ തോതിൽ പാറ ഖനനം നടത്തിയിരുന്നു. ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഈ ഭാഗത്തെ മണ്ണിനെല്ലാം ഇളക്കം തട്ടിയതോടെ കൂറ്റൻ പാറകൾ താഴേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിൽ കാണാതായ തമിഴരശന് വേണ്ടിയുള്ള നാലാംദിവസത്തെ തിരച്ചിൽ ആരംഭിക്കുന്നതിന് മുൻപ് മണ്ണ് ഇടിഞ്ഞ് വീണതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

തുടർച്ചയായി മണ്ണിടിച്ചിലുണ്ടാകുന്നതിനാൽ പാറ ഖനനനം നടത്തിയതിന്‍റെ ബാക്കി ഭാഗങ്ങൾ ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന നിലയിലാണ്. ഇതുനിമിത്തം ഈ ഭാഗത്ത് കൂടി കാൽനടയാത്രക്കാരെ അടക്കം കടത്തി വിടാതിരിക്കാൻ രാത്രിയിലടക്കം പൊലീസ് കാവൽ ഏൽപ്പെടുത്തിയിട്ടുണ്ട്.

രണ്ടാമതും മണ്ണടിഞ്ഞതോടെ ദേവികുളം ഭാഗത്ത് നിന്നുള്ള രക്ഷാപ്രവർ‍ത്തനം നിലച്ചു. ഫയര്‍ഫോഴ്‌സിന്‍റെയും എന്‍ഡിആർഎഫിന്‍റെയും നേതൃത്വത്തിൽ മൂന്നാർ ഭാഗത്ത് കൂടി മാത്രമാണ് നിലവിൽ തമിഴരശനായി തിരച്ചിൽ നടത്തുന്നത്.