വിറയലോടുകൂടിയ പനി, തലവേദന, വയറിളക്കം, ഛര്‍ദി, കഴുത്തുവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണം.

കല്‍പ്പറ്റ: വയനാട്ടില്‍ ഒരാള്‍ക്കുകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ ബേഗൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 26-നാണ് യുവതി രോഗലക്ഷണങ്ങളോടെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയത്. സാമ്പിള്‍ ശേഖരിച്ച് മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനക്ക് അയച്ചിരുന്നു. 31-ന് പരിശോധന ഫലം എത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

യുവതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ താമസസ്ഥലത്തിന് സമീപത്ത് കുരങ്ങിനെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയില്‍ കുരങ്ങുപനിക്കെതിരെയുള്ള വാക്‌സിന്‍ ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

2019-ല്‍ എട്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സതേടി. രണ്ടുപേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 2019 ജനുവരിയില്‍ അപ്പപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് പരിധിയിലെ രണ്ടുപേര്‍ക്കാണ് ആദ്യം രോഗം ബാധിച്ചത്. ഇരുവരും ബൈരക്കുപ്പയില്‍ പണിക്കുപോയവരായിരുന്നു. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിധിയില്‍ വീണ്ടും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 

വിറയലോടുകൂടിയ പനി, തലവേദന, വയറിളക്കം, ഛര്‍ദി, കഴുത്തുവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണം. ഇത്തരം ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും കുരങ്ങുപനി ഉണ്ടാവണമെന്നില്ല. എങ്കിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.

മുന്‍കരുതലുകള്‍ ഇപ്രകാരം...

*വനത്തിനുള്ളില്‍ പോകുമ്പോള്‍ കട്ടിയുള്ള, ഇളംനിറമുള്ള, ദേഹം മുഴുവന്‍ മുടുന്നതരത്തിലുളള വസ്ത്രം ധരിക്കുക. കാലുകളിലൂടെ ചെള്ളുകയറാത്ത വിധത്തില്‍ ഗണ്‍ബൂട്ട് ധരിക്കുക.

*ചെള്ളിനെ അകറ്റിനിര്‍ത്തുന്ന ഒഡോമസ് പോലുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുക.

*വനത്തില്‍പോയിട്ടുള്ളവര്‍ തിരിച്ചുവന്ന ഉടന്‍ വസ്ത്രങ്ങളും ശരീരവും പരിശോധിച്ച് ചെള്ളില്ലെന്ന് ഉറപ്പുവരുത്തുക.
*ശരീരത്തില്‍ ചെള്ളുകയറിയാല്‍ ചെള്ളിനെ നീക്കംചെയ്തശേഷം കടിയേറ്റഭാഗവും കൈകളും സോപ്പുപയോഗിച്ച് കഴുകുക.

*പ്രതിരോധവാക്‌സിന്‍ യഥാസമയം ഉപയോഗിക്കുക.