പറവൂര്‍: ശാന്തിവനത്തിലെ മരങ്ങളുടെ ശിഖരം മുറിക്കാനുള്ള കെ എസ് ഇ ബി  ശ്രമത്തിനെതിരെ വീണ്ടും പ്രതിഷേധം . ശാന്തി വനം സംരക്ഷണ സമിതി മരങ്ങളുടെ ശിഖരം മുറിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. ഇതോടെ ശ്രമത്തിൽ നിന്ന്  കെഎസ് ഇബി  താത്കാലികമായി പിന്മാറി. ടവർ നിർമ്മാണം പൂർത്തിയായതിനെ തുടർന്നുള്ള  സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ്  വൈദ്യുത ടവറിനു സമീപമുള്ള 8 മരങ്ങളുടെ ശിഖരങ്ങൾ മുറിക്കാൻ കെ എസ് ഇ ബി ഉദ്യോഗസ്ഥർ എത്തിയത് .

13.5 മീറ്റർ ഇൽ അധികം  ഉയരത്തിൽ ഉള്ള മര ചില്ലകൾ മുറിക്കും എന്ന് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയത്. എന്നാല്‍  ഇന്ന് രാവിലെ അധികൃതർ മരം മുറിക്കാനെത്തിയതോടെയാണ് ശാന്തി വനം സംരക്ഷണ സമിതി വീണ്ടും പ്രതിഷേധം തുടങ്ങുകയായിരുന്നു. 

ശിഖരം മുറിക്കാൻ എന്ന പേരിൽ  മരങ്ങൾ മുറിക്കാൻ തന്നെയാണ് കെ എസ് ഇ ബിയുടെ ശ്രമമെന്നു സ്ഥലം ഉടമ മീന മേനോൻ ആരോപിച്ചു.  പ്രതിഷേധത്തിന് സമ്മർദം ചെലുത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ ആണ്  പോലീസ് ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ വീണ്ടും കെ എസ് ഇ ബി മരം മുറിക്കാനുള്ള നീക്കവുമായി എത്തിയാൽ മുടി മുറിച്ചു മുഖ്യമന്ത്രിക്ക് അയച്ചു നൽകി പ്രതിഷേധിക്കും എന്നാണ്   മീന മേനോന്റെ നിലപാട്. 

പ്രതിഷേധത്തെ തുടർന്ന് മരം മുറിക്കാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർ താൽകാലികമായി പിന്മാറി. എന്നാൽ പൊലീസിന്റെ സഹായത്തോടെ  ശിഖരങ്ങൾ മുറിച്ച് നീക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം .കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയം  ആയതിനാൽ കേസ്   തീർപ്പാകും വരെ നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്നാണ് ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം.

പ്രതിഷേധം തുടരുന്നതിനിടെയാണ് പറവൂർ ശാന്തി വനത്തിലെ ടവർ നിർമ്മാണം  പൂർത്തിയാക്കി വൈദ്യുതി കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ലൈൻ വലിച്ചത്. ടവറിൻറെ ഉയരം കൂട്ടി മരങ്ങൾ മുറിക്കാതെയായിരുന്നു ലൈൻ വലിച്ചത്. എന്നാല്‍ നിയമ പോരാട്ടം തുടരുമെന്നും ഇനി മരങ്ങൾ മുറിച്ചാൽ തടയുമെന്നും സ്ഥലമുടമ നിലപാട് വ്യക്തമാക്കിയിരുന്നു

ശാന്തിവനം സംരക്ഷിക്കാൻ നടക്കുന്ന സമരത്തിന് പിന്തുണയുമായി പരിസ്ഥിതി സംഘടനകൾ ഇപ്പോഴും എത്തുന്നുണ്ട്. ലൈനിന് താഴെ 3 നില വരെയുള്ള വീടുകൾ നിർമ്മിക്കുന്നതിന് സർക്കാർ അനുമതിയുണ്ടെന്നാണ് കെഎസ്ഇബി വിശദമാക്കുന്നത്. ചെറായി, പള്ളിപ്പുറം, മുനമ്പം, എടവനക്കാട് പ്രദേശങ്ങളിലെ രൂക്ഷമായ വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിനായി 20 വർഷം മുൻപ് ഭരണാനുമതി ലഭിച്ചതാണ് മന്നം-ചെറായി 110 കെവി ടവർ ലൈൻ.