ഇടുക്കി: വന്യമ്യഗങ്ങളില്‍ നിന്ന് കാര്‍ഷീക വിളകള്‍ സംരക്ഷിക്കാന്‍ പദ്ധതി വിപുലീകരിച്ച് ക്യഷിവകുപ്പ്. ആദ്യഘട്ടത്തില്‍ നടത്തിയ പരിശ്രമങ്ങള്‍ ഫലിച്ചതാണ് കൂടുതല്‍ മേഖലയിലേക്ക് ക്യഷിവകുപ്പ് പദ്ധതി വ്യാപിപ്പിച്ചത്. മൂന്നാറില്‍ കമ്പനിയുടെ അടുക്കളത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി തൊഴിലാളികളാണ് ക്യഷിയിറക്കുന്നത്. എന്നാല്‍ വന്യമ്യഗങ്ങളുടെ ശല്യം രൂക്ഷമായതോടെ പലരും ക്യഷി ഉപേക്ഷിച്ചു.

സംഭവം മൂന്നാര്‍ ക്യഷി ഓഫീസര്‍ ഗ്രീഷ് വി മാത്യു റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് മൂന്നാര്‍ പഞ്ചായത്തിനെ സന്‍സദ്ദ് ആദര്‍ശ് യോജന പദ്ധതിയിലൂടെ ഏറ്റെടുക്കുകയും പദ്ധതി വിപുലീകരിക്കാന്‍ ആത്മ പദ്ധതിയിലൂടെ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

ആദ്യമായി  കണ്ണന്‍ ദേവന്‍ കമ്പനിയുടെ ചൊക്കനാട് എസ്റ്റേറ്റിലെ കര്‍ഷകരായ തവസി, ചെല്ലദുരൈ, കറുപ്പായി, മാരിമുത്തു എന്നിവരുടെ തോട്ടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇത് വിജയിടച്ചതോടെയാണ് മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചത്. തുടര്‍ന്ന് പെരിയവാരയില്‍ ഗോപി, സെല്‍വി, പെരിയസ്വാമി, കറുപ്പസ്വാമി, പൊന്‍രാജ് എന്നിവരുടെ തോട്ടങ്ങളില്‍ 13 എണ്ണവും സ്ഥാപിച്ചു.  

സെവന്‍മല എസ്റ്ററ്റില്‍ രാജരത്‌നം- അരുള്‍മണി ദമ്പതികളുടെ തോട്ടത്തില്‍ മൂന്ന് ലൈറ്റുകള്‍ സ്ഥാപിച്ചു. രാത്രികാലങ്ങളില്‍ സോളാറിന്റെ സഹായത്തോടെ തെളിയുന്ന ലൈറ്റുകളുടെ വെളിച്ചത്തില്‍ വന്യമ്യഗങ്ങള്‍ ക്യഷിയിടങ്ങളില്‍ എത്തില്ലെന്നാണ് ക്യഷിവകുപ്പിന്റെ പറയുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍ നിര്‍വ്വഹിച്ചു. സി പി ഐ മണ്ഡലം പ്രസിഡന്റ് പളനിവേല്‍ പങ്കെടുത്തു. 22 കര്‍ഷകര്‍ക്കായി 165000 രൂപ മുടക്കി 66 ലൈറ്റുകളാണ് ക്യഷി വകുപ്പ് തോട്ടങ്ങളില്‍ സ്ഥാപിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ മേഖലയിലേക്ക് പദ്ധതി വ്യാപിപ്പിക്കും.