കാസര്‍ഗോഡ്: ലോക്ക്ഡൌണ്‍ കാലത്തെ വിളവെടുപ്പിന് ആവശ്യക്കാരുണ്ടോയെന്ന് തിരഞ്ഞ കര്‍ഷകനെ അമ്പരപ്പിച്ച് മന്ത്രി വി എസ് സുനില്‍കുമാര്‍. കാസര്‍ഗോഡ് ബദിയടുക്കയിലെ ശങ്കര ഭട്ടിന്‍റെ കുമ്പളങ്ങയ്ക്കാണ് ആവശ്യക്കാരെത്തിയത്. ഒരേക്കര്‍ ഭൂമിയിലാണ് ശങ്കര ഭട്ട് കുമ്പളങ്ങ കൃഷിയിറക്കിയത്. ഒരുകച്ചവടക്കാരനുമായി ധാരണയിലായ ശേഷമായിരുന്നു കൃഷി.

എന്നാല്‍ അപ്രതീക്ഷിതമായി കൊവിഡ് 19ന് പിന്നാലെ ലോക്ക്ഡൌണ്‍ എത്തിയതോടെ കച്ചവടക്കാരന്‍ പിന്‍മാറുകയായിരുന്നു. പതിവില്‍ കവിഞ്ഞ വിളവും ഇത്തവണയുണ്ടായതോടെ ശങ്കര ഭട്ട് തകര്‍ന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇനി കൃഷിയിറക്കാനാവുമോയെന്ന ആശങ്കയിലുമായി ശങ്കര ഭട്ട്. അതിനിടെ മാധ്യമ പ്രവര്‍ത്തകന്‍ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്ത ശങ്കര ഭട്ടിന്‍റെ വീഡിയോ   കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

ലോക്ക്ഡൌണിനിടെ 14000 കിലോ കുമ്പളങ്ങ ആരുവാങ്ങുമെന്നായിരുന്നു ശങ്കര ഭട്ട് വീഡിയോയില്‍ ചോദിച്ചത്. ഇതോടെയാണ് കുമ്പളങ്ങ കിലോയ്ക്ക് 17 രൂപ നല്‍കി ഹോര്‍ട്ടിക്കോര്‍പ്പിന് മന്ത്രി നിര്‍ദേശം നല്‍കിയത്. പാകമായ 5000 കുമ്പളങ്ങകളാണ് ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകനില്‍ നിന്ന് ശേഖരിക്കുക.  മന്ത്രിയോട് നന്ദിയുണ്ടെന്ന് ശങ്കര ഭട്ട് പ്രതികരിക്കുന്നു. ഇത്തരത്തിലുള്ള നടപടികള്‍  കര്‍ഷകര്‍ക്ക് കൈത്താങ്ങാവുമെന്നാണ് ശങ്കര ഭട്ട് കൂട്ടിച്ചേര്‍ക്കുന്നു.