Asianet News MalayalamAsianet News Malayalam

ലക്ഷ്യം പ്രായമായ സ്ത്രീകൾ, ക്യാമറയില്ലാത്ത വഴികളിലൂടെ മാത്രം സഞ്ചാരം; ആഡംബര ജീവിതം കൊതിച്ച കുറ്റവാളി പിടിയില്‍

പ്രായമായ സ്ത്രീകളെ സഹായിക്കാനെന്ന പേരിലും അവരോട് സഹായം ചോദിക്കുന്ന രീതിയിലും സമീപിച്ച ശേഷം മോഷണം നടത്തിയിരുന്നയാളാണ് പൊലീസിന്റെ പിടിയിലായത്

Aimed old aged women only and travelled through roads without cameras man committed crimes for luxury life afe
Author
First Published Sep 22, 2023, 6:30 PM IST

ചാരുംമൂട്: സ്കൂട്ടറില്‍ എത്തി പ്രായമായ സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന പ്രതി പിടിയില്‍. കരുനാഗപ്പള്ളി തൊടിയൂര്‍ പൈതൃകം വീട്ടില്‍ ബിജു (48) ആണ് പിടിയിലായത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നൂറനാട് വിവിധ സ്ഥലങ്ങളിലായാണ് ഇയാള്‍ വൃദ്ധയായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തത്. പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ പോയിട്ട് വീട്ടിലേക്ക് വരികയായിരുന്ന നൂറനാട് സൂര്യാലയം വീട്ടിൽ ചന്ദ്രിക ദേവി (72) യുടെ 20 ഗ്രാം വരുന്ന സ്വർണമാല പൊട്ടിച്ചതായിരുന്നു ആദ്യസംഭവം. 

വീടിനടുത്തുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ നൂറനാട് ലളിതാ ഭവനം വീട്ടിൽ ലളിത (68) യുടെ 15 ഗ്രാം വരുന്ന സ്വർണ്ണ മാലയും വീടിനു സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന പാലമേൽ ചാത്തോത്ത് വീട്ടിൽ സരോജിനി (90) യുടെ 6 ഗ്രാം വരുന്ന സ്വർണ്ണമാലയും പ്രതി പൊട്ടിച്ചെടുത്തു. ആദ്യ രണ്ട് സംഭവങ്ങളെയും തുടർന്ന് നൂറനാട് പോലീസ് പ്രതിയെ കണ്ടെത്തുന്നതിനുള്ള ഊർജിത അന്വേഷണം നടത്തി വരുന്നതിനിടയിലാണ്  പ്രതി പിടിയിലായത്. പ്രതി ഉപയോഗിച്ച വാഹനവും പ്രതിയെ പറ്റിയുള്ള സൂചനകളും പൊലീസിന് ലഭിച്ചിരുന്നു. 

Read also: കണ്ണൂർ തളിപ്പറമ്പ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റ ശ്രമം; മദ്യപിച്ചെത്തിയ സംഘം ആക്രമിച്ചു

അഞ്ച് മാസം മുമ്പ് സമാനമായ രണ്ട് കേസുകൾ ശൂരനാട് പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബസ് കാത്തു നിൽക്കുന്ന വൃദ്ധയായ സ്ത്രീകളെ പ്രതി തന്റെ സ്കൂട്ടറിൽ വീട്ടിൽ കൊണ്ടാക്കാം എന്നുപറഞ്ഞ് കയറ്റുകയും തുടർന്ന് വിജനമായ സ്ഥലത്തെത്തുമ്പോൾ സ്ത്രീകളെ ഇറക്കിവിട്ട് ബലമായി അവരുടെ മാല പിടിച്ചു പറിച്ചു കൊണ്ടുപോകുകയായിരുന്നു രീതി. ഈ കേസില്‍ അറസ്റ്റിലായ പ്രതി കഴിഞ്ഞ മൂന്നുമാസം മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങിയത്. റോഡിൽകൂടി ഒറ്റയ്ക്ക് നടക്കുന്ന വൃദ്ധയായ സ്ത്രീകളെ നോട്ടം ഇടുകയും അവരുടെ അടുത്ത് ചെന്ന് പരിചയപ്പെട്ടു സ്ഥലത്ത് തന്നെയുള്ള മറ്റാരുടെയെങ്കിലും അഡ്രസ്സ് അറിയാമോ എന്ന് ചോദിക്കുകയും ഇങ്ങനെ ചോദിച്ചു നിൽക്കുന്ന അവസരത്തിൽ അവരുടെ മാല പൊട്ടിച്ചുകൊണ്ട് പോകുന്നതും ഇയാളുടെ രീതിയായിരുന്നു. 

ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് പ്രതി ഇത്തരത്തിൽ മാല മോഷണം നടത്തിയിരുന്നത്. നൂറനാട് പ്രദേശത്തെ സംബന്ധിച്ച് പ്രതിക്ക് നല്ല ധാരണ ഉണ്ടായതുകൊണ്ടാണ് ഈ പ്രദേശങ്ങൾ തെരഞ്ഞെടുത്തിരുന്നത്. എല്ലാ ചെറിയ വഴികളെ സംബന്ധിച്ചും ഇയാള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ വേണ്ടി സി.സി.ടി.വികൾ ഉള്ള വഴികൾ ഒഴിവാക്കിയാണ് പ്രതി സഞ്ചരിച്ചിരുന്നത്. ഗൾഫിൽ ജോലി ഉണ്ടായിരുന്ന പ്രതി കഴിഞ്ഞ ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. 

പെട്ടെന്ന് പണമുണ്ടാക്കാനുള്ള മോഹമാണ് പ്രതിയെ ഇതിലേക്ക് തിരിച്ചത്. മദ്യപിക്കുന്നതിനും വാഹനങ്ങൾ മാറുന്നതിനും ഈ പണം പ്രതി ചിലവഴിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും. സി.ഐ ശ്രീജിത്ത് പി.എസ്.ഐ നിധീഷ് സിപിഒമാരായ സിനു വർഗീസ്, രജീഷ്, ജയേഷ് വിഷ്ണു, പ്രവീൺ കലേഷ്, ജംഷാദ് മനു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios