കുടുംബവഴക്കിനെത്തുടര്‍ന്ന് എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാലക്കോട് ജയചന്ദ്രനെയാണ് (43) പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.45ഓടെയായിരുന്നു സംഭവം.

മലപ്പുറം: കുടുംബവഴക്കിനെത്തുടര്‍ന്ന് എയർ​ഗണ്ണിൽനിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാലക്കോട് ജയചന്ദ്രനെയാണ് (43) പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.45ഓടെയായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുറച്ചുകാലമായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു ജയചന്ദ്രന്‍. പുലര്‍ച്ചെ ഭാര്യാസഹോദരന്റെ വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വീട്ടുകാര്‍ ഈ ആവശ്യം നിരസിച്ചതോടെ പ്രതി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് ഭാര്യാസഹോദരനുനേരെ വെടിയുതിര്‍ത്തു. തലനാരിഴക്കാണ് വെടിയുണ്ടയില്‍നിന്ന് ഭാര്യാസഹോദരന്‍ രക്ഷപ്പെട്ടത്. തോക്കുചൂണ്ടിയ ഉടന്‍തന്നെ കൈകൊണ്ട് തട്ടിമാറ്റിയതിനാലാണ് വലിയൊരു അപകടം ഒഴിവായതെന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിനും നിയമനടപടികള്‍ക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിനേശ് കുമാര്‍, എ.എസ്.ഐ സുബ്രഹ്‌മ ണ്യന്‍, സി.പി.ഒ നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്.