ശിൽപ്പ നിരപരാധിയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ വിശദമായ ചോദ്യംചെയ്യലിലാണ് പെറ്റമ്മയാണ് കുഞ്ഞിന്‍റെ ജീവൻ കവർന്നതെന്ന് വ്യക്തമായത്

പാലക്കാട്: ശിഖന്യക്ക് ഒരു വയസ്സ് ആകുന്നതേ ഉണ്ടായിരുന്നുള്ളൂ. പറക്കമുറ്റും മുൻപേ ആ ജീവൻ പെറ്റമ്മ തന്നെ കവർന്നെടുത്തു. ഷൊർണൂരിലെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ പൊലീസ്, അമ്മ ശിൽപ്പയെ അറസ്റ്റ് ചെയ്തു.

ആലപ്പുഴ മാവേലിക്കര സ്വദേശി ശില്പയുടെയും പാലക്കാട് ഷൊർണൂർ സ്വദേശി അജ്മലിന്റെയും മകളാണ് കൊല്ലപ്പെട്ട ശിഖന്യ. അജ്മലും ശിൽപ്പയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു. തർക്കം കടുക്കുമ്പോൾ പലപ്പോഴും മകളെ കൊല്ലും എന്ന് ശില്‍പ്പ അജ്മലിന് സന്ദേശം അയക്കാറുണ്ടായിരുന്നു. ശനിയാഴ്ച പുലർച്ചയെത്തിയ സന്ദേശവും അത്തരത്തിലാണെന്നേ കരുതിയുള്ളൂവെന്ന് അജ്മൽ പറഞ്ഞു. പക്ഷെ ആ സന്ദേശത്തില്‍ പറഞ്ഞതുപോലെ ശിൽപ്പ സ്വന്തം മകളെ കൊലപ്പെടുത്തി എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വദേശമായ മാവേലിക്കരയിൽ വച്ചാണ് ശില്പ കുഞ്ഞിനെ കൊന്നത്. അവിടെ നിന്ന് കാറിൽ ഷൊർണൂരിലെത്തി. അജ്മൽ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ മൃതദേഹം വെച്ച് മടങ്ങാൻ ഒരുങ്ങി. അനക്കമില്ലാത്ത കുഞ്ഞിനെ കണ്ട അജ്മൽ ഉടൻതന്നെ സംഭവം ഷൊർണൂർ പൊലീസിൽ അറിയിച്ചു. കുഞ്ഞിനെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് നിർദേശിച്ചു. പക്ഷേ അപ്പോഴേക്കും നേരം ഏറെ വൈകി പോയിരുന്നു. ശില്പയെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്ത് വിട്ടയച്ചു. ശിൽപ്പ നിരപരാധിയാണെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

എന്നാൽ വിശദമായ ചോദ്യംചെയ്യലില്‍ ശിൽപ്പ കുറ്റസമ്മതം നടത്തി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് കസ്റ്റഡിയിലുള്ള ശിൽപ്പയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

YouTube video player