Asianet News MalayalamAsianet News Malayalam

കൊവിഡിനെതിരെ ഒറ്റയാള്‍ പോരാട്ടം; ചിത്രം വരച്ച് രാജേഷ് കുമാറിന്‍റെ ബോധവത്കരണം

തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ സ്‌ഥാപിച്ച്‌, പിന്നീട്‌ ഉപയോഗശൂന്യമായ ബോര്‍ഡുകളാണ്‌ ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌.

alappuzha based artist spreads awareness against covid 19 through his paintings
Author
Alappuzha, First Published Jul 7, 2021, 4:38 PM IST

ആലപ്പുഴ: ചിത്രകല ഉപയോഗിച്ച്‌  കൊവിഡിനെതിരേ ഒറ്റയാള്‍ പോരാട്ടവുമായി ആലപ്പുഴ തോണ്ടന്‍കുളങ്ങര സ്വദേശി രാജേഷ്‌കുമാര്‍. ചുവരെഴുത്ത്‌ ജോലികള്‍ ചെയ്‌ത്‌ കുടുംബം പോറ്റിയിരുന്ന രാജേഷിന്‌ ലോക്ക്‌ ഡൗണിനെത്തുടര്‍ന്ന്‌ വരുമാന മാര്‍ഗം നിലച്ചെങ്കിലും തന്‍റെ ജീവനോപാധിയായിരുന്ന ചിത്ര രചനയെന്ന കഴിവ് കൊവിഡ് ബോധവത്കരണത്തിനായി രംഗത്തെത്തിയിരിക്കുകയാണ് രാജേഷ് എന്ന 59 കാരന്‍.   ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനനായകരുടേയും സിനിമാ താരങ്ങളുടേയും ചിത്രങ്ങള്‍ ആലേഖനം ചെയ്‌ത കൊവിഡ് സന്ദേശ ബോര്‍ഡുകള്‍ സ്‌ഥാപിച്ചാണ് രാജേഷിന്‍റെ പോരാട്ടം. 

രാഷ്‌ട്ര പിതാവ്‌ മഹാത്മാഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രിമാരായ കെ.ആര്‍. ഗൗരിയമ്മ, ജി. സുധാകരന്‍, മോഹന്‍ലാല്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ വരച്ച്‌ അതിനൊപ്പം കൊവിഡ്‌ രോഗ വ്യാപനത്തിനെതിരായ സന്ദേശങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള ബോര്‍ഡുകളാണ്‌ രാജേഷ്‌ സൗജന്യമായി സ്‌ഥാപിച്ചിരിക്കുന്നത്‌. 

തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ സ്‌ഥാപിച്ച്‌, പിന്നീട്‌ ഉപയോഗശൂന്യമായ ബോര്‍ഡുകളാണ്‌ ഇതിനായി പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌. 1994 മുതല്‍ ചുവരെഴുത്ത്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന തോണ്ടന്‍കുളങ്ങര ഗോമതിതോപ്പ്‌ വീട്ടില്‍ ബിഎല്‍ രാജേഷ്‌ കുമാര്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ വ്യാപകമായതോടെ ജീവിതം പുലര്‍ത്താന്‍ മറ്റു തൊഴിലുകളും ചെയ്‌തുവന്നിരുന്നു. 
ഫ്‌ളക്‌സ്‌ നിരോധനത്തെത്തുടര്‍ന്ന്‌ സ്വകാര്യ വ്യാപാര സ്‌ഥാപനങ്ങളും മറ്റും ചുവരെഴത്തിനായി സമീപിച്ചിരുന്നതായി രാജേഷ്‌ പറയുന്നു.  കാര്‍ത്തിക ശ്രീലക്ഷ്‌മി വിഷ്‌ണു ആര്‍ട്‌സ്‌ എന്ന പേരിലാണ്‌ രാജേഷിന്റെ സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios