സംഘാടകർ നൽകിയ പച്ചക്കറി ബൊക്കെയും മുല്ലപ്പൂ മാലയും കൈലിമുണ്ടും സ്നേഹപൂർവ്വം സ്വീകരിക്കുകയും കർഷക വേഷത്തിൽ കളക്ടർ പാടവരമ്പത്ത് എത്തി നെല്ല് വിതയ്ക്കുകയും ചെയ്തു

കഞ്ഞിക്കുഴി: ലുങ്കി മുണ്ടുമുടുത്ത് പാടവരമ്പത്ത് വിത്ത് എറിയാൻ ആലപ്പുഴ ജില്ലാ കളക്ടർ ഡോക്ടർ രേണുരാജ് ഐഎഎസ് എത്തി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ നെൽകൃഷിക്ക് തുടക്കം കുറിച്ച് നാലാം വാർഡിലെ കടമ്പൊഴി പാടശേഖരത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കളക്ടർ എത്തിയത്. ചടങ്ങിനെത്തിയ കളക്ടർക്ക് സംഘാടകർ നൽകിയ പച്ചക്കറി ബൊക്കെയും മുല്ലപ്പൂ മാലയും കൈലിമുണ്ടും സ്നേഹപൂർവ്വം സ്വീകരിക്കുകയും കർഷക വേഷത്തിൽ പാടവരമ്പത്ത് എത്തി നെല്ല് വിതയ്ക്കുകയും ചെയ്തു.

30 വർഷമായി തരിശ് കിടന്ന പാടശേഖരത്തിൽ ആണ് ''ഞങ്ങളും കൃഷിയിലേക്ക്" എന്ന കൃഷിവകുപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന്‍റ് നേതൃത്വത്തിൽ യുവാക്കളുടെ കൂട്ടായ്മയിലൂടെയാണ് കൃഷിയിറക്കുന്നത്. "നമ്മുടെ പ്രകൃതിയും കാലാവസ്ഥയും എല്ലാം പ്രവചനാതീതമായി മാറി കൊണ്ടിരിക്കുകയാണെന്നും അവയുടെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ കൃഷിയിലൂടെയും നെൽവയൽ സംരക്ഷണത്തിലൂടെയും നമുക്ക് കഴിയുമെന്നും അതിനായി കൂടുതൽ യുവാക്കുകൾ കാർഷിക മേഖലയിലേക്ക് കടന്നുവരണമെന്നും അതിലൂടെ കാർഷിക ഉൽപ്പാദന രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തുവാൻ നമുക്ക് സാധിക്കുമെന്നും" പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് കളക്ടർ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അഡ്വക്കേറ്റ് എം സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്ത്, കൃഷി ഓഫീസർ ജാനിഷ് റോസ്, എൻ കെ നടേശൻ, എൻ പി ധനുഷ് തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസ്റ്റന്‍റ് മാരായ അനില, സുരേഷ്, അജന, വി സി പണിക്കർ, പി ലളിത, പി ദീപുമോൻ, സി കെ ശോഭൻ, മിനി പവിത്രൻ, എസ് ചെല്ലപ്പൻ, വി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.