ചേർത്തല: കോടതിയുടെ വാറണ്ട് ലഭിച്ചിട്ടും ഹാജരാകാതെ ഒളിച്ചു നടന്ന ആറ് പ്രതികളെ റിമാന്‍ഡ് ചെയ്തു. പെറ്റിക്കേസിൽ ഒട്ടേറെ തവണ വാറണ്ട് അയച്ചിട്ടും ഹാജരാകാതെ ഒളിച്ചുനടന്ന 6 പ്രതികളെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. മണ്ണഞ്ചേരി കൊല്ലാമാടത്ത് സതീശൻ, കഞ്ഞിക്കുഴി സന്ദിപനി അഭിജിത്ത് ലാൽ, മണ്ണഞ്ചേരി തകിടിവെളി അരുൺ, മാരാരിക്കുളം വടക്കേകുഞ്ഞം ബിനു, മാരാരിക്കുളം പള്ളിപ്പറമ്പിൽ അമൽ, കഞ്ഞിക്കുഴി വാരണം കിഴക്കേചെങ്ങമത്ത് രജിമോൻ എന്നിരാണ് റിമാൻഡിലായത്.

മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ കേസുകളിലെ പ്രതികളാണ് ഇവർ. ഒട്ടേറെ തവണ വാറണ്ട് അയച്ചിട്ടും ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. മാരാരിക്കുളം എസ് ഐ പി.ജി  മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്യുകയായിരുന്നു. പെറ്റിക്കേസിൽ പിഴ ഒടുക്കലാണ് പതിവ്. റിമാൻഡ് ചെയ്യുന്നത് അപൂർവമാണെന്നും ദീർഘനാളായി വാറണ്ട് അയച്ചിട്ടും ഹാജരാകാത്തതാണ് കാരണമെന്നും പൊലീസ് പറഞ്ഞു.