ആലപ്പുഴ: അർജുനാണ് ആറാട്ടുപ്പുഴയിൽ ഇപ്പോൾ താരം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായ  വഴി പ്രശ്നത്തെ തുടർന്നുള്ള കൂട്ടത്തല്ല് വീഡിയോ പകർത്തിയത് അർജുനെന്ന ബാലനാണ്. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അർജുൻ. പൊലീസ് കേസെടുക്കുന്നതിന് വരെ കാരണമായ ദൃശ്യങ്ങൾ പകർത്തിയപ്പോൾ ഇത് വലിയ സംഭവമാകുമെന്ന് ഈ കൊച്ചു ക്യാമറമാൻ ചിന്തിച്ചതുപോലുമില്ല. ദ്യശ്യങ്ങൾ പകർത്തുന്നതിനിടെ അർജുനൻ്റെ നെറ്റിയിലും പരിക്ക് പറ്റിയിരുന്നു.

ആറാട്ടുപ്പുഴ പെരുമ്പള്ളിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സിനിമയെ വെല്ലുന്ന അടിപിടി നടന്നത്. വഴി തർക്കത്തെ തുടർന്ന് അയൽ വാസികളായ സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെയുള്ള സംഘം തമ്മിലടിക്കുകയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ കണ്ടത്. 

ഭിന്നശേഷിക്കാരിയായ രേഖയ്ക്കും കുടുംബത്തിനും പഞ്ചായത്ത് അനുവദിച്ച വഴി അയൽവാസികൾ മതിൽ കെട്ടി അടക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് രേഖയ്ക്കും, മക്കളായ ആതിര, പൂജ എന്നിവർക്കും മർദ്ദനമേൽക്കുക ആയിരുന്നു. പിന്നാലെ പൊലീസ് എത്തി സംഘർഷം അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.