Asianet News MalayalamAsianet News Malayalam

പുതുവര്‍ഷത്തില്‍ സമ്പൂര്‍ണ ഡിജിറ്റലാകാനൊരുങ്ങി ആലപ്പുഴ മെഡിക്കല്‍ കോളേജ്; ഒ പി ടിക്കറ്റ്, ഓണ്‍ലൈന്‍ പരിശോധനഫലം

സ്വകാര്യ ആശുപത്രികളിലുള്ളതു പോലെയുള്ള കാർഡ് സംവിധാനമാണ് നിലവിൽ വരുന്നത്. കാർഡിനു പകരം പ്രിന്റാണ് നൽകുന്നതെന്നു മാത്രം. 

Alappuzha Medical College is all set to become fully digital from next year
Author
First Published Dec 8, 2022, 11:32 AM IST

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ഡിജിറ്റലാകുന്നു. പുതുവർഷം മുതൽ ആശുപത്രിയിലെത്തുന്ന മുഴുവൻ രോഗികളുടെ വിവരങ്ങളും ഇ –ഹെൽത്ത് സെർവറിന്റെ സഹായത്തോടെ കംപ്യൂട്ടറിൽ രേഖപ്പെടുത്താനാകും. ഇതോടെ, രോഗിയുടെ വിവരങ്ങളെല്ലാം ഒരൊറ്റ ഫയലായി മാറും. 

2019ൽ ആരംഭിച്ച പദ്ധതിയാണ് മൂന്നു വർഷത്തിനുശേഷം ഫലം കാണുന്നത്. സ്വകാര്യ ആശുപത്രികളിലുള്ളതു പോലെയുള്ള കാർഡ് സംവിധാനമാണ് നിലവിൽ വരുന്നത്. കാർഡിനു പകരം പ്രിന്റാണ് നൽകുന്നതെന്നു മാത്രം. ഇതോടെ, പല ഫയലുകളിലായി രോഗി കൊണ്ടുവരേണ്ട വിവരങ്ങൾ കംപ്യൂട്ടറിൽ ലഭ്യമാകും. ഒരൊറ്റ ഫയലിൽ എല്ലാ വിവരങ്ങളും. 

ഇതു പ്രാവർത്തികമാകുന്നതോടെ ആശുപത്രിയിലെ ഏതു ഡോക്ടർക്കും രോഗിയുടെ ഒപി നമ്പർ വഴി രോഗവിവരങ്ങൾ മനസ്സിലാക്കാം. നിലവിൽ, സർജറി, ഓർത്തോ, പീഡിയാട്രിക്, കാർഡിയോളജി, പൾമണറി, പെയിൻ ആൻഡ് പാലിയേറ്റിവ് തുടങ്ങിയ ക്ലിനിക്കുകൾ ഡിജിറ്റലായി കഴിഞ്ഞു. അടുത്തു തന്നെ ലാബും ഡിജിറ്റലാകും. 

ലാബ് ഡിജിറ്റലായാൽ, പരിശോധനാഫലം ഓൺലൈനായി ലഭിക്കും. രോഗിയുടെ മൊബൈൽ ഫോണിലും പരിശോധനാഫലം ലഭിക്കുന്ന തരത്തിൽ ആലോചനയുണ്ട്. ഇതു നടപ്പായാൽ ലാബിലെ തിരക്കും നിയന്ത്രിക്കാനാകും. ഡോക്ടർക്കും പരിശോധനാഫലത്തിന്റെ കോപ്പി ലഭിക്കുമെന്നതിനാൽ ഫയലുകൾ എപ്പോഴും കൊണ്ടുവരേണ്ടി വരില്ല. ഫാർമസി കൂടി ഡിജിറ്റലായാൽ രോഗിക്കു നൽകിയ മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാകും. 

ഡിസ്ചാർജായ രോഗിക്കു വീട്ടിലേക്കു പോകണമെങ്കിൽ കാത്തിരിക്കേണ്ടി വന്നിരുന്നത് മണിക്കൂറുകളാണ്. ആശുപത്രി ഡിജിറ്റലാകുന്നതോടെ ഈ കാലതാമസവും ഒഴിവാകും. വാർഡുകളിൽ കേരള ആരോഗ്യ സുരക്ഷാ പദ്ധതിയുടെ വൊളന്റിയർമാരുണ്ടാകും. ഡിസ്ചാർജ് വിവരങ്ങൾ ഇവർക്കു കൈമാറിയാൽ മതി. വേഗത്തിൽ ഡിസ്ചാർജ് നടപടികൾ പൂർത്തിയാകും. നിലവിൽ 5 വാർഡുകൾ ഇത്തരത്തിൽ മാറ്റിക്കഴിഞ്ഞു. 

18 വാർഡുകളാണ് ആകെയുള്ളത്. വാർഡുകളിൽ ചെന്ന് രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളും തുടങ്ങും. ഇതോടെ, ഇൻഷുറൻസ് വിവരശേഖരണവും എളുപ്പത്തിലാകും. വൈഫൈ ലഭിക്കുന്നതിനായി രണ്ട് ഹൈ സ്പീഡ് ഇന്റർനെറ്റ് കണക് ഷനാണു സ്ഥാപിക്കുക. മുൻ സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കലിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ മുന്നോട്ടുപോയിരുന്നത്. സർജറി വിഭാഗത്തിലെ ഡോ. അനീഷ് രാജാണ് ഇപ്പോഴത്തെ നോഡൽ ഓഫിസർ. 

ഒപി ടിക്കറ്റ് ഡിജിറ്റലാകുന്നതിനൊപ്പം യുണീക് ഹെൽത്ത് ഐഡി കാർഡെടുക്കാനും ആശുപത്രി അധികൃതർ നിർദേശിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണിത്. ഈ കാർഡുണ്ടെങ്കിൽ മെഡിക്കൽ കോളജിൽ ഡിജിറ്റൽ ഒപി ടിക്കറ്റിന്റെ ആവശ്യമില്ല. അക്ഷയ കേന്ദ്രം വഴിയും ഈ കാർഡ് ഡൗൺലോഡ് ചെയ്യാം. കാർഡ് ഐഡി ഉപയോഗിച്ച് വീടുകളിലിരുന്നും ഓൺലൈനായി ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് എടുക്കാം. ഇതിലൂടെ ഒപി തിരക്ക് ഗണ്യമായി കുറയും. ഇ ഹെൽത്ത് കേരള എന്ന വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ അപ്പോയ്ന്റ്മെന്റ് എടുക്കാൻ സാധിക്കുക.

നെടുമ്പാശേരിയിൽ സ്വർണക്കടത്ത്; ട്രോളിയുടെ പിടിയിൽ ഒട്ടിച്ച് കടത്താൻ ശ്രമിച്ച 'ബട്ടൺ' സ്വർണം പിടികൂടി

Follow Us:
Download App:
  • android
  • ios