ആലപ്പുഴ: കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ നിലനിൽക്കെ ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് ഇന്ന് തെരഞ്ഞെടുപ്പ്. സ്വതന്ത്ര അംഗത്തെ മുൻനിർത്തി ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് എൽഡിഎഫ്. ബിജെപി അംഗങ്ങളുടെ നിലപാടും നിർണായകമാണ്.

കോൺഗ്രസിലെ ധാരണപ്രകാരം തോമസ് ജോസഫ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇല്ലിക്കൽ കുഞ്ഞുമോനാണ് യുഡിഎഫിന്‍റെ ചെയർമാൻ സ്ഥാനാർത്ഥി. അമ്പത്തി രണ്ട് അംഗ ഭരണസമിതിയിൽ അരുപത്തി അഞ്ച് അംഗങ്ങളാണ് യുഡിഎഫിനുള്ളത്. പത്തൊമ്പ‍ത് പേരാണ് എൽഡിഎഫിനുള്ളത്. നാല് പേർ ബിജെപിയും രണ്ട് പേർ പിഡിപിയും രണ്ട് സ്വതന്ത്രന്മാരും ഉണ്ട്. തോമസ് ജോസഫിനെ പാർട്ടി ഇടപെട്ട് രാജിവെപ്പിച്ചതോടെയാണ് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയുണ്ടായത്.

പതിനൊന്ന് കൗൺസിലർമാർ പാർട്ടി അംഗത്വം രാജിവെച്ചു. ഇല്ലിക്കൽ കുഞ്ഞുമോനെ ചെയർമാനാക്കിയാൽ പിന്തുണ പിൻവലിക്കുമെന്നും വിമത കൗൺസിലർമാർ ഭീഷണി മുഴക്കി. എന്നാൽ കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ സി  വേണുഗോപാൽ മുൻകൈ എടുത്ത് നടത്തിയ ചർച്ചയ്ക്ക് ശേഷം മുഴുവൻ കൗൺസിലർമാർക്കും ഡിസിസി പ്രസിഡന്‍റ് വിപ്പ് നൽകി. എന്നാൽ കോൺഗ്രസിലെ അനൈക്യം മാറിയിട്ടില്ലെന്ന വിശ്വാസമാണ് എൽഡിഎഫിന്. 

കോൺഗ്രസിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി ജയിച്ച ബി മെഹബൂബിനെ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ ഇടതുമുന്നണി തീരുമാനിച്ചു. കോൺഗ്രസ് കൗൺസിലർമാർ കാലുവാരുകയോ ബിജെപിയും പിഡിപിയും സ്വതന്ത്രന്മാരും ഒന്നിച്ചുനിൽക്കുകയോ ചെയ്താൽ അട്ടമറി വിജയം ഉണ്ടാകുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. അരൂരിൽ അടക്കം ഉപതെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ തിരിച്ചടി തെരഞ്ഞെടുപ്പ് യുഡിഎഫിന് നിർണായകമാണ്.