അമ്പലപ്പുഴ: ഗ്രാമപഞ്ചായത്തും പൊലീസും സമ്മതപത്രം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൊതുശ്മശാനത്തില്‍ സംസ്‌കാരം നടത്താനായില്ല. പുന്നപ്ര തെക്ക് കുളപ്പറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുന്നേല്‍വെളിയില്‍ പ്രദീപിന്റെ (54) സംസ്‌കാരമാണ് ആലപ്പുഴ നഗരസഭ ശ്മശാനത്തില്‍ നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടില്‍ നടത്തിയത്. സംസ്‌കാരം രണ്ടര മണിക്കൂര്‍ വൈകുകയും ചെയ്തു. 

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രദീപ് ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. വൈകിട്ട് നാലിനാണ് സംസ്‌കാരം നിശ്ചയിച്ചത്. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ നഗരസഭയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് ബന്ധുക്കള്‍ തീരുമാനിച്ചത്. തുടര്‍ന്ന് പൊലീസിന്റെ അനുമതി തേടിയെങ്കിലും സ്വാഭാവിക മരണമായതിനാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പുന്നപ്ര പൊലീസ് തയാറായില്ല. 

പിന്നീട്  വിവരം നഗരസഭ അധികാരികളെ അറിയിച്ചപ്പോള്‍ പഞ്ചായത്തിന്റെ സര്‍ട്ടിഫിക്കറ്റ് മതിയെന്ന് മറുപടി ലഭിച്ചു. പഞ്ചായത്ത് നല്‍കിയ സമ്മതപത്രത്തില്‍  സ്വാഭാവികമരണമെന്ന് രേഖപ്പെടുത്താതിരുന്നതിനാല്‍ നഗരസഭ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചില്ല. ഇതിനിടെ ബന്ധുക്കള്‍ നഗരസഭ ശ്മശാനത്തില്‍ ചിതയുമൊരുക്കി.

സ്വാഭാവിക മരണം രേഖപ്പെടുത്തേണ്ടത് ഡോക്ടറാണെന്ന് പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തി. ഒടുവില്‍, ബന്ധുവായ കപ്പക്കടയിലെ രാജേന്ദ്രന്റെ വീട്ടു വളപ്പില്‍ വൈകിട്ട് 6.30ന് സംസ്‌കാരം നടത്തുകയായിരുന്നു. ഒരാഴ്ച മുന്‍പ് പുന്നപ്രയിലെ വാടകവീട്ടില്‍ മരിച്ച സരസമ്മയുടെ സംസ്‌കാരവും, പഞ്ചായത്തും പൊലീസും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നാല് മണിക്കൂര്‍ വൈകിയിരുന്നു.