Asianet News MalayalamAsianet News Malayalam

'റോസമ്മയുടെ വിവാഹം നടത്താനിരുന്നത് മെയ് 1ന്, തീരുമാനത്തെ ചൊല്ലി തർക്കം, പിന്നാലെ കൊല'; നടുങ്ങി പൂങ്കാവ് ഗ്രാമം

രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ, ബെന്നി ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ്.

alappuzha rosamma murder case locals and relatives reactions
Author
First Published Apr 22, 2024, 9:05 PM IST

ആലപ്പുഴ: അറുപതുകാരിയെ സഹോദരന്‍ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ നടുങ്ങി പൂങ്കാവ് ഗ്രാമം. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മ (61) യെയാണ് സഹോദരന്‍ ബെന്നി (63) കൊന്ന് കുഴിച്ചു മൂടിയത്. റോസമ്മയുടെ രണ്ടാം വിവാഹത്തിന്റെ പേരില്‍ ഇവര്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. 

ഏറെ പ്രിയപ്പെട്ടവരായിരുന്നു ഇരുവരുമെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന ചോദ്യവുമാണ് ബന്ധുക്കളും നാട്ടുകാരും ഉന്നയിക്കുന്നത്. ഏറെനാള്‍ മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ റോസമ്മയ്ക്ക് രണ്ടുമക്കളാണുള്ളത്. നിലവില്‍ സഹോദരന്‍ ബെന്നിക്കൊപ്പമാണ് റോസമ്മയുടെ താമസം. ഇതിനിടെ വീണ്ടും ഒരു വിവാഹം കഴിക്കാന്‍ റോസമ്മ ആഗ്രഹിച്ചിരുന്നു. കൈനകരിയിലെ ഒരു വിവാഹദല്ലാള്‍ മുഖേന വിവാഹക്കാര്യവും ശരിയായി. മെയ് ഒന്നിന് വിവാഹം നടത്താനും നിശ്ചയിച്ചിരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. 

'ഏപ്രില്‍ 18 മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. എന്നാല്‍ ഈ വിവരം പൊലീസില്‍ അറിയിച്ചിരുന്നില്ല'. പിന്നീട് ബെന്നി തന്നെ, താന്‍ സഹോദരിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ വിവരം ധരിപ്പിക്കുന്നത്. പിന്നീട് പൊലീസ് ചെട്ടികാടുള്ള വീട്ടിലെത്തി പരിശോധന നടത്തി. 17ന് രാത്രിയാണ് റോസമ്മയെ കൊന്നതെന്നാണ് ബെന്നിയുടെ മൊഴി. ഇരുവരും രണ്ടാം വിവാഹത്തെ കുറിച്ച് സംസാരിച്ച് വാക്കേറ്റമുണ്ടായതിന് പിന്നാലെ ചുറ്റിക കൊണ്ട് റോസമ്മയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണം ഉറപ്പായതിന് ശേഷം വീടിന്റെ പിന്‍ഭാഗത്തു കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പറഞ്ഞത്. ഇതനുസരിച്ചാണ് ഇവിടെയെത്തി കുഴിച്ച് പരിശോധന നടത്തിയതെന്നും പൊലീസ് പറഞ്ഞു.

ഇവിടെ നിന്ന് തന്നെയാണ് റോസമ്മയുടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. വളരെ വികാര നിര്‍ഭരമായിട്ടായിരുന്നു പ്രതിയായ ബെന്നി പ്രതികരിച്ചത്. മൃതദേഹം കുഴിച്ചിട്ട സ്ഥലം പറഞ്ഞ് കൊടുത്തതും ബെന്നിയായിരുന്നു. പൊലീസിനോട് നടന്നത് എന്താണെന്നും കൊല ചെയ്ത രീതിയും പ്രതി വിശദീകരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക വീടിന് പരിസരത്തുനിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ റോസമ്മയും ബെന്നിയും തമ്മില്‍ സ്വര്‍ണ്ണം പണയം വെയ്ക്കുന്നതിന്റെ പേരിലും വഴക്കുണ്ടായതായും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തൃശൂര്‍ പൂരം: 'നടത്തിപ്പില്‍ പൊലീസ് ഇടപെടേണ്ട', സുരക്ഷ മാത്രം നോക്കിയാല്‍ മതിയെന്ന് തിരുവമ്പാടി ദേവസ്വം 
 

Follow Us:
Download App:
  • android
  • ios