വ്യാഴവട്ടം പിന്നിട്ട ദുരിതം; ശുചിമുറി പോലുമില്ലാത്ത ഷെഡിലെ ജിവിതത്തില്‍ നിന്ന് മോചനം തേടി ഭാനുമതി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 10:39 PM IST
alappuzha women bhanumathi wants a home
Highlights

ശുചിമുറി ആവശ്യം തോന്നുമ്പോഴെല്ലാം തന്‍റെ നിവൃത്തി കേടോർത്ത് ഭാനു കരയും. വർഷങ്ങളായി സമീപത്തെ വീടുകളിലാണ് ഈ വീട്ടമ്മ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്. റോഡിനോട് ചേർന്ന് കിടക്കുന്ന ഷെഡായതിനാൽ അപകടഭയവും ഉണ്ട്. റോഡിലൂടെ ഒരു ബൈക്ക് പോയാൽ തന്നെ ഷെഡ് ഇളകിപ്പറക്കുമെന്ന് ഭാനുമതി പറയുന്നു

ആലപ്പുഴ: ഇത് ഭാനുമതി. കഴിഞ്ഞ 12 വർഷമായി അടച്ചുറപ്പ് പോലുമില്ലാത്ത ഒറ്റമുറി ഷെഡിൽ ഒറ്റയ്ക്ക് കഴിയുകയാണ് തുറവൂർ തെക്ക് പുത്തൻചന്ത നിവാസിയായ വീട്ടമ്മ. 58ാം വയസിലും ഇവര്‍ ഒറ്റയ്ക്ക് അടച്ചുറപ്പില്ലാത്ത ഈ ഷെഡിലാണ് താമസം. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഈ ഷെഡിൽ ഒരു ശുചിമുറി പോലുമില്ല.

ശുചിമുറി ആവശ്യം തോന്നുമ്പോഴെല്ലാം തന്‍റെ നിവൃത്തി കേടോർത്ത് ഭാനു കരയും. വർഷങ്ങളായി സമീപത്തെ വീടുകളിലാണ് ഈ വീട്ടമ്മ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നത്. റോഡിനോട് ചേർന്ന് കിടക്കുന്ന ഷെഡായതിനാൽ അപകടഭയവും ഉണ്ട്. റോഡിലൂടെ ഒരു ബൈക്ക് പോയാൽ തന്നെ ഷെഡ് ഇളകിപ്പറക്കുമെന്ന് ഭാനുമതി പറയുന്നു. 

അടയ്ക്കാൻ ഒരു വാതിലുപോലുമില്ലാത്ത ഈ ഷെഡിൽ രാത്രിയിൽ മൂർച്ചയുള്ള കത്തിയുമായാണ് ഭാനുവമ്മ കിടക്കുന്നത്. ആരെങ്കിലും ആക്രമിക്കുമോയെന്ന ഭയം തന്നെ കാരണം. വീടിനോട് ചേർന്നുള്ള രണ്ട് ക്ഷേത്രത്തിലെ മുറ്റമടിച്ച് കിട്ടുന്ന 800 രൂപയാണ് ഭാനുവിന്‍റെ ആകെയുള്ള വരുമാനം. ആ തുക കൊണ്ട് അരിയും പച്ചക്കറിയും മരുന്നും വാങ്ങിയാൽ പിന്നെ ഷെഡ് മുറുക്കി കെട്ടാൻ പോലും തികയില്ലെന്ന് അവർ പറയുന്നു.

ചെറുപ്പത്തിലുണ്ടായ പനി കാരണം മുഖം ഒരുവശത്തേക്ക് കോടിപ്പോയതിനാൽ വിവാഹമൊന്നും കഴിച്ചില്ല. അന്നുമുതൽ അവഗണന നിറഞ്ഞ ജീവിതമാണ് തന്‍റേതെന്ന് വേദനയോടെ അവർ പറയുന്നു. സഹോദരന്‍റെ പറമ്പിലാണ് ഷെഡ് കെട്ടിയിരിക്കുന്നത്. സഹോദരൻ മരിച്ചതോടെ  താമസിക്കുന്ന പറമ്പുപോലും ഭാനുവിന് അന്യമായി. നിലവിൽ സഹോദര ഭാര്യയുടെ കൈവശമാണ് ഭാനുവിന്റെ പേരുൾപ്പെടുന്ന റേഷൻകാർഡും. ആയതിനാൽ റേഷൻ പോലും കിട്ടില്ല.

നിലവിൽ അഗതി ലിസ്റ്റിലാണ് സർക്കാർ ഭാനുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സമീപവാസിയായ ഒരാൾ ഒരു സെന്റ് ഭൂമി ഭാനുവിന് സ്വന്തമായി നൽകാമെന്ന് പറഞ്ഞെങ്കിലും വീട് പണിയാൻ സുമനസുകൾ സഹായിക്കണം. ഒരു വീടിനായി നിരവധി തവണ പഞ്ചായത്തിൽ കയറിയിറങ്ങി മടുത്തുവെന്ന് ഭാനു പറയുന്നു. ഓരോ തവണയും ഫണ്ടില്ല, പിന്നെനോക്കാം എന്ന സ്ഥിരം പല്ലവി മാത്രമാണ് അധികാരികൾ നൽകുന്നത്. മരിക്കുന്നതിന് മുമ്പ് അടച്ചുറപ്പുള്ള ഒരു വീടും സ്വന്തമായി ഒരു ശുചിമുറിയുമാണ് ഈ അനാഥയുടെ ലക്ഷ്യം.

loader