സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലക്ക് നൽകിയിട്ടുണ്ടെന്നുമാണ് ഗോവർദ്ധൻ ഹർജിയിൽ പറയുന്നത്.

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യ ഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഹർജിയിൽ മറുപടി നൽകാൻ സർക്കാറിന് സിംഗിൾ ബഞ്ച് നിർദ്ദേശം നൽകി. സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലയ്ക്ക് നൽകിയിട്ടുണ്ടെന്നുമാണ് ഗോവർദ്ധൻ ഹർജിയിൽ പറയുന്നത്. ഗോവർദ്ധൻ്റെ ജാമ്യാപേക്ഷ ഡിസംബർ 30 വീണ്ടും പരിഗണിക്കും.

ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചത്. ഇത് ശബരിമല സ്വർണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡി ഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലയ്ക്ക് സംഭാവന നൽകി. ആകെ ഒന്നരക്കോടിയിൽ അധികം രൂപ ശബരിമലയ്ക്ക് നൽകിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കിൽ ഇത്രയും തുക സംഭാവന നൽകില്ലായിരുന്നുവെന്നും ഹർജിക്കാരൻ പറയുന്നു. ബെല്ലാരിയിലെ തന്റെ സ്വർണക്കടയിൽ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണക്കട്ടികൾ കസ്റ്റഡിയിലെടുത്തെന്നും ഈ സ്വർണത്തിന് ശബരിമല സ്വർണ്ണവുമായി ബന്ധമില്ലെന്നും ഹർജിയിൽ പറയുന്നു.

സ്വർണക്കൊള്ളയിൽ സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ബണ്ടാരിയെയും വേർതിരിച്ചെടുത്ത സ്വർണം വാങ്ങിയ ഗോവർദ്ധനനെയും കഴിഞ്ഞ ദിവസമാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. അയ്യപ്പ ഭക്തനായ താൻ 2009 മുതൽ 85 ലക്ഷത്തിലധികം രൂപ സംഭവാന നൽകിയിട്ടുണ്ടെന്ന് ഗോവർദ്ധന്റെ ജാമ്യ ഹ‍ർജിയിൽ പറയുന്നത്. കട്ടിളപാളിയിൽ പൂശാനായി സ്വർണവും നൽകി. ശബരിമല സ്വർണം വാങ്ങിയ ശേഷം അതിന് തത്തുല്യമായ പണവും സ്വർണവും ദേവസ്വം ബോർഡിന് കൈമാറിയെന്നാണ് ഗോവർദ്ധന്റെ വാദം. സ്വർണം തട്ടിയെടുക്കണമെന്ന ഉദ്യേശ്യം ഉണ്ടായിരുന്നില്ല. സ്വർണം വാങ്ങിയ ശേഷം തനിക്ക് മാനസിക ബുദ്ധിമുണ്ടായെന്നും പ്രായശ്ചിത്തമായി പണവും സ്വർണവും സമർപ്പിച്ചെന്നുമായിരുന്നു ഗോവർദ്ധന്റെ മൊഴി. ബെല്ലാരിയിലെ സ്ഥാപനത്തിൽ പരിശോധന നടത്തിയ എസ്ഐടി സംഘം ഭീഷണിപ്പെടുത്തി സ്വർണ കട്ടികള്‍ കണ്ടെടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്നും അഭിഭാഷകനായ തോമസ് ജ ആനകല്ലുങ്ൽ വഴി സമർപ്പിച്ച ജാമ്യപേക്ഷയിൽ പറയുന്നത്.

ശബരിമലയിലെ സ്വർണം കൈകളിലെത്തിയ ശേഷം ഗോവർദ്ധൻ 10 ലക്ഷം രൂപയുടെ ഡിഡിയും, 10 പവൻ സ്വർണമാലയും ദേവസ്വം ബോർഡിന് നൽകാനായി പോറ്റിക്ക് കൈമാറിയിരുന്നു. ഇതിൽ സ്വർണമാല മാളികപ്പുറത്ത് 2021ൽ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ചു. പക്ഷെ ബോർഡ് ഇത് മഹസ്സറിൽ ഉള്‍പ്പെടുത്തിയില്ല. ബോർഡ് ഉദ്യോഗസ്ഥരോയെ അധികൃതരെയോ അറിയിക്കാതെ പോറ്റി ഇത് സമർപ്പിക്കുകയായിരുന്നുവെന്നാണ് ബോർഡ് ഇപ്പോള്‍ പറയുന്നത്. ശബരിമലയിലും ബോർഡിലും സ്വാധീനമുണ്ടായിരുന്ന പോറ്റി 10 പവൻ തൂക്കം വരുന്ന മാല സമർപ്പിച്ചിട്ടും ആരും അതേ കുറിച്ച് ഒരു അക്ഷരവും മിണ്ടിയില്ല. സ്വർണക്കൊള്ളയുടെ അന്വേഷണം തുടങ്ങിയ ശേഷമാണ് ഈ മാല രജിസ്റ്ററിൽ ഉള്‍പ്പെടുത്തിയത്. ഈ മാല സമർപ്പിച്ചതുള്‍പ്പെടെ ചൂണ്ടികാട്ടിയാണ് ഗോവർദ്ധൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.

YouTube video player