ചേര്‍ത്തല: തോരാമഴയില്‍ ചേർത്തല താലൂക്കില്‍ വെള്ളക്കെട്ടുമൂലം ദുരിതമാഴിയാതെ ജനങ്ങള്‍. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താലൂക്കില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. മാരാരിക്കുളം വടക്ക് വില്ലേജില്‍ ഒരു കുടുംബത്തിനായും ചേര്‍ത്തല വടക്കു വില്ലേജില്‍ അംബേദ്കര്‍ കോളനിയിലെ 18 കുടുംബങ്ങള്‍ക്കായും കമ്മ്യൂണിറ്റി ഹാളില്‍ ക്യാംപ് തുടങ്ങി. മറ്റ് 81 കുടുംബങ്ങള്‍ക്കായി തങ്കി ഹൈസ്‌കൂളിലുമാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. 

താലൂക്കിലെ 3000ത്തോളം കുടുംബങ്ങളാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കടക്കരപ്പള്ളിയില്‍ റോഡുപരോധിച്ചവരെ എഡിഎം. ഐ അബ്ദുള്‍സലാമും തഹസില്‍ദാര്‍ ആര്‍ ഉഷയും സന്ദര്‍ശിച്ചു. ഇവരുടെ മറ്റാവശ്യങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് എഡിഎം അറിയിച്ചു. 

മഴയില്‍ മരംമറിഞ്ഞ് പലയിടങ്ങളിലായി ഏഴു ഇലക്ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകര്‍ന്നു. ചേര്‍ത്തല സര്‍ക്കാര്‍ അതിഥിമന്ദിരത്തിനു സമീപവും പള്ളിപ്പുറം ചെങ്ങണ്ട കല്ലറത്തറഭാഗത്തുമായാണ് മരംവീണത്. ഇതുമൂണ്ടായ വൈദ്യുതി തടസം ചൊവ്വാഴ്ച വൈകിട്ടോടെയാണ് പരിഹരിച്ചത്.

 2.45 ലക്ഷത്തിന്റെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്. കുത്തിയതോട് പഴയവീടിടിഞ്ഞുവീണ് വീട്ടമ്മക്കു പരിക്കേറ്റിരുന്നു. ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് അജയന്റെ ഭാര്യ രാജമ്മ(56)ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.