മദ്യപാനം മൂലമല്ലാത്ത കരള്‍ രോഗ ബാധിതര്‍ സംസ്ഥാനത്ത് ഏറ്റവുമധികം തൃശൂര്‍ ജില്ലയിലാണെന്ന് ജില്ല ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലെ കരള്‍ രോഗ വിദഗ്ധന്‍ ഡോ. വൈ. പ്രവീണ്‍കുമാര്‍. ലോക കരള്‍ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ പ്രസ് ക്ലബും ബാനര്‍ജി ക്ലബും സംയുക്തമായി സംഘടിപ്പിച്ച കരള്‍ രോഗ നിര്‍ണ്ണയ ക്യാമ്പിന്റെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തൃശൂര്‍: മദ്യപാനം മൂലമല്ലാത്ത കരള്‍ രോഗ ബാധിതര്‍ സംസ്ഥാനത്ത് ഏറ്റവുമധികം തൃശൂര്‍ ജില്ലയിലാണെന്ന് ജില്ല ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലെ കരള്‍ രോഗ വിദഗ്ധന്‍ ഡോ. വൈ. പ്രവീണ്‍കുമാര്‍. ലോക കരള്‍ ദിനത്തോടനുബന്ധിച്ച് തൃശൂര്‍ പ്രസ് ക്ലബും ബാനര്‍ജി ക്ലബും സംയുക്തമായി സംഘടിപ്പിച്ച കരള്‍ രോഗ നിര്‍ണ്ണയ ക്യാമ്പിന്റെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ത്രീകളിലാണ് ഇത്തരം രോഗം കൂടുതലായി കണ്ടുവരുന്നത്. തുടക്കത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാം. ശരിയായ ചികിത്സ തക്കസമയത്ത് ലഭിക്കാതിരുന്നാല്‍ മറ്റു കരള്‍ രോഗങ്ങളെ പോലെ ലിവര്‍ സിറോസിസിലേക്കും കരള്‍ കാന്‍സറിലേക്കും അത് മാറും. ഒറ്റമൂലിയടക്കമുള്ള അശാസ്ത്രീയ ചികിത്സകളെ ആശ്രയിക്കുന്നത് രോഗാവസ്ഥ ഗുരുതരമാക്കുമെന്നും ഡോ. പ്രവീണ്‍ പറഞ്ഞു. 

ജന്മനാലും പാരമ്പര്യവുമായ കാരണങ്ങളാലും ജനിതക തകരാര്‍ മൂലവും രോഗമുണ്ടാകും. ഹെപ്പറ്റൈറ്റിസ് വൈറസ് മൂലമുള്ള മഞ്ഞപ്പിത്തങ്ങളും സിറോസിസിലേക്കും കരള്‍ കാന്‍സറിലേക്കും എത്തും. ഗര്‍ഭകാലത്ത് ഹെപ്പറ്റൈറ്റിസ് ബി അമ്മമാരില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേയ്ക്ക് പകരില്ലെന്നത് തെറ്റിദ്ധാരണയാണ്. വേണ്ടത്ര മുന്‍ കരുതല്‍ ഇല്ലാതെ ജിമ്മുകളില്‍ വ്യായാമം ചെയ്യുന്നവര്‍ക്കും നീന്തല്‍ കുളങ്ങളില്‍ നീന്തുന്നവര്‍ക്കും ഇത് പടരുന്നുണ്ട്. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ജിമ്മുകളില്‍ നിന്ന് ഈ രോഗം പകര്‍ന്ന അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. പ്രവീണ്‍കുമാര്‍പറഞ്ഞു.