നിലവിൽ സി 427,സി 447 എന്നീ ഇന്‍റർസെപ്റ്റർ ബോട്ടും അനഘ് എന്ന പട്രോളിംഗ് ബോട്ടുമാണ് ഇവിടെയുള്ളത്.

തിരുവനന്തപുരം: സുരക്ഷാ കപ്പലുകൾ നിയന്ത്രിക്കുന്നതുൾപ്പടെ ലക്ഷ്യമാക്കി വിഴിഞ്ഞം കോസ്റ്റ് ഗാർഡിനായി പുതിയ ബർത്ത് ഒരുങ്ങുന്നു. വിഴിഞ്ഞം പുതിയ വാർഫിന് സമീപം തയ്യാറാക്കിയ വേദിയിൽ ശനിയാഴ്ച രാവിലെ 11ന് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ എസ്.പരമേശ് കമ്മിഷനിംഗ് നിർവഹിക്കും. നിലവിൽ സി 427,സി 447 എന്നീ ഇന്‍റർസെപ്റ്റർ ബോട്ടും അനഘ് എന്ന പട്രോളിംഗ് ബോട്ടുമാണ് ഇവിടെയുള്ളത്.

കൂടാതെ അനഘിന് സമാനമായ പട്രോളിംഗ് ബോട്ടുകളും ഇവിടെ ലഭിക്കുമെന്നാണ് വിവരം. ബർത്ത് നിർമ്മാണം പൂർത്തിയാകുന്നതോടെ കോസ്റ്റ് ഗാർഡിന്‍റെ പട്രോളിങ് ബോട്ടുകൾ സുരക്ഷിതമായി ബന്ധിക്കാൻ കഴിയും. ബർത്തിന്‍റെ ഭാഗമായി ഫെൻഡേഴ്സ്, ബൊള്ളാർഡ് എന്നിവ സ്ഥാപിച്ചു. കോസ്റ്റ് ഗാർഡിന്‍റെ വലിയ കപ്പലുകൾ അടുപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ ബർത്ത് നിർമ്മിക്കുന്നതിന് 2018ൽ ഏഴ് കോടി അനുവദിച്ച് ബർത്തിന്‍റെ നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു.

പകുതി പൈലിംഗ് ജോലികൾ നടത്തിയതോടെ തീരത്തെത്തിയ ടഗ്ഗ് വില്ലനായിരുന്നു. ഇവ കണ്ടംചെയ്ത് നീക്കിയ ശേഷമാണ് ബർത്ത് നിർമ്മാണം പൂർത്തിയാക്കിയത്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ അതീവ ഗൗരവത്തോടെയാണ് ഇവിടെ ബർത്ത് നിർമാണം പൂർത്തിയാക്കിയത്. തെക്കുപടിഞ്ഞാറൻ മേഖലയിലെ തന്ത്രപ്രധാന സ്ഥലമെന്ന നിലയിൽ വിഴിഞ്ഞത്തെ സുരക്ഷയും കേന്ദ്രം ഗൗരവമായി കാണുന്നു. ഇവിടെ നേവിയുടെ താവളം സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് കോസ്റ്റ് ഗാർഡിന്‍റെ സുരക്ഷാകപ്പലുകൾ അടുപ്പിക്കാൻ ബർത്ത് നിർമ്മിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം