ഇടുക്കി: മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളില്‍ ഭവന ഭൂരഹിതരായ തോട്ടം തൊഴിലാളികളെ ലൈഫ് പദ്ധതിയില്‍ ഉല്‍പ്പെടുത്തുന്നതില്‍ പാളിച്ച ഉണ്ടാകുന്നതായി ആരോപണം. പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് ചിലര്‍ പണം പിരിക്കുന്നതായും തോട്ടം തൊഴിലാളികള്‍ക്ക് പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണിയും ആവശ്യപ്പെട്ടു.

വീടും സ്ഥലവും ഇല്ലാത്ത ആയിരക്കണക്കിന് തോട്ടം തൊഴിലാളികളാണ് മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളില്‍ ഉള്ളത്. എന്നാല്‍, അര്‍ഹതപ്പെട്ട ഇവരില്‍ പലര്‍ക്കും ലൈഫ് പദ്ധതിയുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതിയില്‍ ഇടം നേടിയവര്‍ക്കാകട്ടെ തുടര്‍ നടപടികളുമായി മുമ്പോട്ട് പോകുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും വില്ലേജില്‍ നിന്ന് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഈ സാഹചര്യം മുതലെടുത്ത് ചിലര്‍ തോട്ടം തൊഴിലാളികളില്‍ നിന്നും പണപ്പിരുവും നടത്തുകയാണ്. വില്ലേജില്‍ നിന്ന് വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി നല്‍കാമെന്ന പേരില്‍ തൊഴിലാളികള്‍ നിന്നും ചിലര്‍ രണ്ടായിരം രൂപ മുതല്‍ മൂവായിരം രൂപവരെ തട്ടിയെടുക്കുന്നുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍, മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് പ്രത്യേക ഭവന പദ്ധതി തയ്യാറാക്കണമെന്നും പണപ്പിരിവ് നടത്തുന്നത് ആരെന്ന് കണ്ടെത്തണമെന്നും കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണി ആവശ്യപ്പെട്ടു.  രണ്ടായിരത്തി അഞ്ഞൂറോളം ഭവന ഭൂരഹിതരാണ് മൂന്നാര്‍ പഞ്ചായത്തില്‍ മാത്രം ലൈഫ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഇത്രയധികം ആളുകള്‍ക്ക് ലൈഫ് പദ്ധതിയില്‍ എങ്ങനെ സ്ഥലവും വീടും നല്‍കുമെന്ന ചോദ്യവും ഉയരുന്ന സാഹചര്യത്തിലാണ് തോട്ടം തൊഴിലാളികള്‍ക്ക് പ്രത്യേക ഭവന പദ്ധതി എന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.