Asianet News MalayalamAsianet News Malayalam

സബ് എഡിറ്റര്‍, സ്റ്റെനോഗ്രാഫര്‍ തസ്തിക; സാഹിത്യ അക്കാദമി അപേക്ഷകരെ കബളിപ്പിച്ചെന്ന് പരാതി

മാധ്യമങ്ങളില്‍ നല്‍കിയ പരസ്യമനുസരിച്ച് അക്കാദമിയില്‍ നിന്നും 200 രൂപ നിരക്കില്‍ ഫീസ് അടച്ചാണ് അപേക്ഷിച്ചത്. ഇതിന് പിന്നാലെ നിയമന വിവര സൂചന ലഭിച്ചതോടെ എംപ്ലോയ്‌മെന്റ് അധികൃതര്‍ അക്കാദമിയോട് വിവരം അന്വേഷിച്ചു.

allegation against kerala sahithya academy
Author
Thrissur, First Published Jan 29, 2019, 12:22 PM IST

തൃശൂര്‍: സ്റ്റെനോഗ്രാഫര്‍, സബ് എഡിറ്റര്‍ തസ്തികയിലെ നിയമനത്തില്‍ സാഹിത്യ അക്കാദമി അപേക്ഷകരെ കബളിപ്പിച്ചുവെന്ന് ആക്ഷേപം. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് അക്കാദമി നേരിട്ട് മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് അപേക്ഷകരെ ക്ഷണിച്ചത്. സ്റ്റെനോഗ്രാഫര്‍ തസ്തികയിലേക്ക് 250 ഓളം അപേക്ഷകളും സബ് എഡിറ്റര്‍ തസ്തികയിലേക്ക് ഇരുന്നൂറോളവും അപേക്ഷകള്‍ ലഭിച്ചു. 

മാധ്യമങ്ങളില്‍ നല്‍കിയ പരസ്യമനുസരിച്ച് അക്കാദമിയില്‍ നിന്നും 200 രൂപ നിരക്കില്‍ ഫീസ് അടച്ചാണ് അപേക്ഷിച്ചത്. ഇതിന് പിന്നാലെ നിയമന വിവര സൂചന ലഭിച്ചതോടെ എംപ്ലോയ്‌മെന്റ് അധികൃതര്‍ അക്കാദമിയോട് വിവരം അന്വേഷിച്ചു. സ്വകാര്യ സ്ഥാപനങ്ങളലേക്കുള്ള നിയമനങ്ങള്‍ക്കായി എംപ്ലോയബലിറ്റി സെന്ററായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനം ഇത്തരം അപേക്ഷ ക്ഷണിച്ചതിലെ അസ്വാഭാവികത അറിയിച്ചു. 

ഇതോടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അധികൃതരോടും പട്ടിക തേടി. സ്വതന്ത്ര ഭരണസ്ഥാപനമായതിനാല്‍ നേരിട്ട് അപേക്ഷ സ്വീകരിക്കാന്‍ അക്കാദമിക്ക് അധികാരമുണ്ടെങ്കിലും എംപ്ലോയ്‌മെന്റ് മുഖേന നിയമനം നടത്തുന്നതാണ് വേണ്ടതെന്ന്  നിര്‍വാഹക സമിതിയിലെ ചിലരും അഭിപ്രായപ്പെട്ടതോടെയാണ് എംപ്ലോയ്‌മെന്റില്‍ നിന്നും അക്കാദമി ലിസ്റ്റ് ആവശ്യപ്പെട്ടത്. ഇതോടെ നേരിട്ട് അപേക്ഷിച്ചവരാണ് കുരുക്കിലായത്.

അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇതുവരെയും നിയമനം നടത്തിയിട്ടില്ല. ആരെ നിയമിക്കുമെന്നതില്‍ ചര്‍ച്ചയിലാണ് അക്കാദമി. നിയമനം ലഭിക്കാത്തവര്‍ക്ക് അപേക്ഷ ഫീസ് തിരികെ നല്കുന്നതും ആലോചിക്കുന്നുണ്ടെന്ന് പറയുന്നു. ഒന്നര ലക്ഷത്തോളം മുടക്കിയാണ് മാധ്യമങ്ങളില്‍ നിയമന പരസ്യം നല്‍കിയത്.

Follow Us:
Download App:
  • android
  • ios