ആലപ്പുഴ: നഗരത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമായ പാലസ് വാർഡിലെ 30ലധികം വീടുകളിൽ വെളളംകയറിയ പശ്ചാത്തലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാംപ് നടത്താൻ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് പരാതി. വീടുകൾക്കുള്ളിൽ വെള്ളം കയറിയ പശ്ചാത്തലത്തിൽ വാർഡ് കൗൺസിലർ വില്ലേജ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തി വെള്ളക്കെട്ട് ബോധ്യപ്പെട്ട വില്ലേജ് ഓഫിസർ കൊട്ടാരപ്പാലത്തിനു സമീപമുള്ള എൻഎസ്എസ് പണിക്കർ ഹാളിൽ ക്യാംപ് തുടങ്ങാൻ അനുവാദവും നൽകി. ഇതനുസരിച്ച് രജിസ്ട്രേഷൻ ആരംഭിക്കുകയും പന്തൽ, കുടിവെള്ളം  തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ന് ഉച്ചയോടെ എത്തിയ ഉദ്യോഗസ്ഥർ ക്യംപ് ഇവിടെ തുടരാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. രാഷ്ട്രീയ പ്രേരിതമായാണ് പാലസ് വാർഡിലെ ക്യാംപ്, ഉദ്യോഗസ്ഥർ പിരിച്ചുവിട്ടതെന്ന് വാർഡ് കൗൺസിലർ ഷോളി സിദ്ധകുമാർ ആരോപിച്ചു.