മമ്പാട്ട്:  മലപ്പുറം മമ്പാട്ടെ മതപഠന കേന്ദ്രത്തിൽ അധ്യാപകർ 14 കാരനെ പീഡിപ്പിച്ച പരാതി ഒതുക്കി തീർക്കാൻ അധികൃതരുടെ ഒത്താശയോടെ ശ്രമം നടന്നതായി ചൈൽഡ് ലൈൻ ആരോപണം. തവനൂർ പ്രതീക്ഷ ഭവനിൽ കഴിയുന്ന കുട്ടിയെ രഹസ്യമൊഴിയെടുക്കാൻ പൊലീസുകാർക്കൊപ്പം വിട്ടതിൽ ഡയറക്ടർക്ക് വീഴ്ച പറ്റിയെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയർമാന്റെ അന്വേഷണത്തിലും വ്യക്തമായി. 

പ്രശസ്ത മതപണ്ഡിതനും മതപഠനശാലയിലെ  അധ്യാപകനും ചേർന്ന് വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് രക്ഷിതാക്കൾ നിലമ്പൂർ പൊലീസിൽ നൽകിയ പരാതി.  മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴിയെടുക്കാൻ ഹാജരാക്കിയ കുട്ടി മൊഴി മാറ്റിയതായി ചൈൽഡ് ലൈനിന് വിവരം കിട്ടി. മൊഴിയെടുക്കാൻ കൊണ്ടു പോകുമ്പോൾ കുട്ടിക്ക് മേൽ സമ്മർദ്ദമുണ്ടായെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

പൊലീസിനൊപ്പം വിടുമ്പോൾ കുട്ടിയെ പാർപ്പിച്ച കേന്ദ്രത്തിന്റെ അധികൃതർ ഒപ്പമുണ്ടാകണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്ന്  പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയർമാന്‍  ശൈലേഷ് ഭാസ്കരൻ പറഞ്ഞു.  ഇതോടെ പ്രതീക്ഷ ഭവൻ ഡയറക്ടർക്കെതിരെ നടപടി വരുമെന്നുറപ്പായി. 

അതേ സമയം, പീഡനം നടന്നെന്ന് വ്യക്തമായതിന് ശേഷമാണ് എഫ്ഐആര്‍ തയ്യാറാക്കിയതെന്നും കുട്ടി പരാതി പിൻവലിച്ചാലും അന്വേഷണം നടക്കുമെന്നും നിലമ്പൂർ പൊലീസ് പറഞ്ഞു. മൊഴി മാറ്റിയെന്ന് രേഖാമൂലം മജിസ്ട്രേറ്റ് അറിയിച്ചാൽ അക്കാര്യവും അന്വേഷിക്കും. കേസിലെ രണ്ട് പ്രതികളും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.