കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പിടിയിലായി റിമാന്റിൽ കഴിയുന്ന അളകര്‍ രാജയാണ് കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും ആരോപണം

ഇടുക്കി: ഖജനാപ്പാറയില്‍ എട്ടുവയസുകാരിയുടെ മരണം കൊലപാതകമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്. പൊലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും സംഭവം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കൊച്ചുത്രേസ്യാ പൗലോസ് ആവശ്യപ്പെട്ടു.

ഖജനാപ്പാറയില്‍ വീടിനുള്ളില്‍ എട്ടുവസുകാരി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നിലവില്‍ ഇഴഞ്ഞുനീങ്ങുകയാണ്. സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചു ത്രേസ്യാ പൗലോസ് ആവശ്യപ്പെട്ടു. 

കുട്ടിയുടെ മരണം കൊലപാതകമാണ്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പിടിയിലായി റിമാന്റിൽ കഴിയുന്ന അളകര്‍ രാജയാണ് കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ബാലാവകാശ കമ്മീഷന്‍ പോലും പ്രഹസനമായ നടപടിയാണ് സ്വീകരിച്ചത്.

സംഭവ സ്ഥലത്തെത്തിയ കമ്മീഷന്‍ ഇവരുടെ വീട്ടിലേയ്ക്ക് എത്താന്‍ പോലും ആദ്യം തയ്യാറിയില്ല. സംഭവത്തില്‍ ഉന്നത അധികാരികള്‍ ഇടപെട്ട് അന്വേഷണം നടത്തണമെന്നും അവർ പറയുന്നു. ഇതിനിടെ സംഭവത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളും നാട്ടുകാരും രംഗത്തെത്തി.

രാജകുമാരി ഖജനാപ്പാറ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കഴിഞ്ഞ നാലിന് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറ്റമുറി വീട്ടിലെ മേല്‍ക്കൂരയുടെ തടിക്കഷ്ണത്തിലാണ് കുട്ടി ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും കുട്ടി ഷാള്‍ ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി കളിക്കുമ്പോള്‍ മരണം സംഭവിച്ചതാകാം എന്നായിരുന്നു പൊലീസിന്റെ നിഗമനം.

എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ലൈംഗികമായി പീഡനത്തിന് ഇയായിട്ടുണ്ടെന്ന് തെളിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് ഖജനാപ്പാറ സ്വദേശി എസ് അളകര്‍ രാജ(55)നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മരിച്ച പെണ്‍കുട്ടി ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത ഒന്നിലധികം പെണ്‍കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ട് എന്ന് അന്വേഷണത്തില്‍ തെളിയുകയും ചെയ്തു.

തുടര്‍ന്ന് പ്രതിക്കെതിരേ പോക്‌സോ നിയമം ചുമത്തി കേസെടുത്തു. എന്നാല്‍, പെണ്‍ക്കുട്ടിയുടെ മരണത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധം ഇല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍, പ്രതിക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ നാട്ടുകാരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.