Asianet News MalayalamAsianet News Malayalam

ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗം; അന്വേഷണത്തെ സധൈര്യം നേരിടുമെന്നും യുഎന്‍എ

കേരള നഴ്‌സിങ് കൗണ്‍സിലിലേക്ക് യുഎന്‍എയുടെ പാനല്‍ വിജയിച്ചുവന്നതുമുതല്‍ ശത്രുക്കള്‍ ഒന്നിച്ചുകൂടുകയും തകര്‍ക്കുമെന്ന സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു. കെഎന്‍സിയിലെ നഴ്‌സിങ് വിരുദ്ധമായ ചിലപ്രവണതകളെയും നിയമാവലിയിലെ അപാകതകളും നിയമപരമായി തിരുത്താനും ഭേദഗതിവരുത്താനും യുഎന്‍എ ആലോചിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു

allegations are part of conspiracy; una welcomes investigation
Author
Trissur, First Published Mar 20, 2019, 5:12 PM IST

തൃശൂര്‍: ലോകത്തെ മലയാളി നഴ്‌സുമാരുടെ കെട്ടുറപ്പിനെ തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് തൃശൂരില്‍ നടന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സംഘടനയുടെ ശക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതില്‍ സ്വകാര്യ മേഖലയിലെ വന്‍കിട മുതലാളിമാരും ചില കടലാസുസംഘടനകളും അസംതൃപ്തരാണ്. ഉല്‍ഭവകാലം മുതലേ നിരന്തരമായ വേട്ടയാടലുകളെയാണ് യുഎന്‍എയ്ക്ക് തരണം ചെയ്യേണ്ടിവന്നത്. കേരള നഴ്‌സിങ് കൗണ്‍സില്‍ ഉള്‍പ്പെടെ അധികാര സ്ഥാനങ്ങളിലേക്ക് ജനകീയമായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശത്രുക്കളുടെ എണ്ണം കൂടി. ഇവരുടെ ഗൂഢാലോചനയില്‍ നിന്നാണ് ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം ഉടലെടുത്തത്.

ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ അംഗത്വം, പ്രതിമാസ ലെവി, സംഭാവന എന്നിവ സ്വീകരിക്കുന്നതും ചെലവഴിക്കുന്നതും തികച്ചും ആഭ്യന്തര വിഷയമാണ്. ഇക്കാര്യത്തില്‍ ഉള്ള സംശയങ്ങളും അഭിപ്രായങ്ങളും സംഘടന അതത് സമയങ്ങളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ വിശദമായി തന്നെ ചര്‍ച്ച ചെയ്യുകയും വ്യക്തതവരുത്തി അംഗീകാരം നല്‍കുകയും ചെയ്തുപോരുന്നുണ്ട്. ഇവിടെയെല്ലാം കൂട്ടായ തീരുമാനമെടുക്കുന്നതില്‍ പങ്കാളികളായവരാണ് പിന്നീട് എതിരാളികളുടെ പണം പറ്റി അവരെയും ചതിക്കാന്‍ നോക്കിയിട്ടുള്ളത്. സംഘടനയില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും അഖിലേന്ത്യാ അധ്യക്ഷനെയും മറ്റുഭാരവാഹികളെയും അപഹാസ്യരാക്കുവാനും ഇവരെ ഉപയോഗിച്ചവര്‍ക്ക് പിന്നീട് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടും.

ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തെ സധൈര്യം നേരിടാനാണ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനം. 2017 മുതല്‍ സംഘടനയില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകാരം നല്‍കിയിരുന്ന വരവ് ചെലവ് കണക്കുകള്‍ പ്രത്യേകസാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റി യോഗം വീണ്ടും പരിശോധനയ്‌ക്കെടുത്തു. ബന്ധപ്പെട്ട രേഖകളും സംസ്ഥാന കമ്മിറ്റി പരിശോധിച്ചു. പാകപ്പിഴവുകളില്ലെന്നും ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും യോഗം ഐക്യഖണ്‌ഠേന തീരുമാനമെടുത്തു.

സംസ്ഥാന കമ്മിറ്റി അംഗീകരിച്ച വരവ് ചെലവ് കണക്ക് സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കുന്നതിനായി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കാനുള്ള യുഎന്‍എയുടെ ഈ തീരുമാനം മറ്റുസംഘടനകളും മാതൃകയായി കണ്ട് അവരവരുടെ വരവ് ചെലവ് കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കാന്‍ പൊതുസമൂഹവും മാധ്യമങ്ങളും ആവശ്യപ്പെടണം. യുഎന്‍എയുടെ കാര്യത്തില്‍ ചില മാധ്യമങ്ങള്‍ക്കുള്ള പ്രത്യേക താല്‍പര്യം നഴ്‌സുമാരുടെ ക്ഷേമകാര്യത്തിലും കാണിക്കണം. വസ്തുതകള്‍ മനസിലാക്കാതെയാണ് ചതിക്കൂട്ടങ്ങളെ മാത്രം കേട്ട് സംഘടനയെ ചോദ്യം ചെയ്തത്.

പ്രതിമാസം 800 രൂപയും നിരന്തരമെന്നോണം ക്രൂരപീഡനങ്ങളും കണ്ണീരും മാത്രമായിരുന്നു ഏഴ് വര്‍ഷം മുമ്പുവരെ നഴ്‌സുമാര്‍ക്ക്. അന്നൊന്നും സഹായിക്കാന്‍ മാധ്യമങ്ങളോ ട്രേഡ് യൂണിയനുകളോ ഉണ്ടായിരുന്നില്ല. വിദേശ പണം കൈപ്പറ്റുന്ന തീവ്രവാദി സംഘടനയാണെന്നുപോലും കേള്‍ക്കേണ്ടിവന്നു. ഇതേക്കുറിച്ചും അന്വേഷണത്തെ നേരിട്ട് അഗനിശുദ്ധി വരുത്തിയ സംഘടനയാണ് യുഎന്‍എ. ശക്തമായ സമരങ്ങളും പ്രതിരോധങ്ങളും സംഘടിപ്പിച്ചും നിരവധി പ്രതിസന്ധികളെ നേരിട്ടുമാണ് ഇന്ന് മാന്യമായി ജീവിക്കാനും ആര്‍ക്കുമുന്നിലും തലകുനിക്കാതെ നില്‍ക്കാനുള്ള ശക്തി ആര്‍ജ്ജിച്ചത്. ആരുടെയും പിന്‍ബലമില്ലാതെയാണ് മാനേജ്‌മെന്റുകളോട് പൊരുതിയത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം രാജ്യത്താദ്യമായി കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയത് യുഎന്‍എ നെഞ്ചുയര്‍ത്തി നിന്ന് നടത്തിയ പോരാട്ടം ഒന്നുകൊണ്ടുമാത്രമാണ്.

കേരള നഴ്‌സിങ് കൗണ്‍സിലിലേക്ക് യുഎന്‍എയുടെ പാനല്‍ വിജയിച്ചുവന്നതുമുതല്‍ ശത്രുക്കള്‍ ഒന്നിച്ചുകൂടുകയും തകര്‍ക്കുമെന്ന സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു. കെഎന്‍സിയിലെ നഴ്‌സിങ് വിരുദ്ധമായ ചിലപ്രവണതകളെയും നിയമാവലിയിലെ അപാകതകളും നിയമപരമായി തിരുത്താനും ഭേദഗതിവരുത്താനും യുഎന്‍എ ആലോചിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതുവരെ നടന്ന അഴിമതികള്‍ പുറത്തുകൊണ്ടുവരാനും നഴ്‌സിങ് സ്‌കൂള്‍, കോളേജുകളുടെ നടത്തിപ്പുകാര്‍ നടത്തുന്ന കാടന്‍ നിയമങ്ങള്‍ക്കെതിരെ നടപടിയെുക്കാനും യുഎന്‍എ തീരുമാനിച്ചിരുന്നു. ഇതിനുപിറകെയാണ് വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുസമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും മുന്നില്‍ അപഹാസ്യരാക്കിയത്. ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. യോഗത്തില്‍ യുഎന്‍എ ദേശീയ കമ്മിറ്റി പ്രസിഡന്റ് ജാസ്മിന്‍ഷ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സുധീപ് എം വി, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍, ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍, ദേശീയ,സംസ്ഥാന സഹഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

Follow Us:
Download App:
  • android
  • ios