ആലുവ നൊച്ചിമയില്‍ ഉറങ്ങുകയായിരുന്ന വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി രണ്ടര പവന്റെ സ്വർണ മാല മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റിലായി. വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇയാള്‍ മോഷണം നടത്തിയത്. എടത്തല പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച മാല കണ്ടെത്തുകയും ചെയ്തു.

കൊച്ചി: ആലുവ നൊച്ചിമയില്‍ വീടിനകത്ത് ഉറങ്ങുകയായിരുന്ന വയോധികയുടെ രണ്ടര പവന്റെ സ്വർണ മാല പൊട്ടിച്ചെടുത്ത കേസില്‍ അയല്‍വാസി പിടിയിലായി. വായോധികയുടെ കണ്ണില്‍ മുളകുപൊടി വിതറിയാണ് എടത്തല കോമ്പാറ ഇസ്മയില്‍ മുക്ക് മടപ്പാട്ട് വീട്ടില്‍ നിസാര്‍ അസൈനാറാണ് (42) മോഷണം നടത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

കോമ്പാറ ഇസ്മയില്‍മുക്ക് മോളത്ത്‌ വീട്ടില്‍ ഹരിഹരന്റെ ഭാര്യ ടി കെ സുമതിയെ(70)യാണ് ഇന്നലെ വൈകുന്നേരം നാസര്‍ ആക്രമിച്ചത്. തുറന്ന് കിടക്കുകയായിരുന്ന പിന്‍വശത്തെ അടുക്കള വാതിലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. തുടര്‍ന്ന് അടുക്കളയില്‍ നിന്നും മുളകുപൊടി എടത്ത് സോഫസെറ്റിയില്‍ കിടന്നുറങ്ങിയ വയോധികയുടെ കണ്ണില്‍ വിതറി. രണ്ടര പവന്‍ തൂക്കമുണ്ടായിരുന്ന സ്വർണ മാല ബലം പ്രയോഗിച്ച് പൊട്ടിച്ചപ്പോള്‍ ഒരു ഭാഗം താഴെ വീണുവെങ്കിലും അവശേഷിക്കുന്ന ഭാഗവും ലോക്കറ്റും മോഷ്ടാവ് കൈക്കലാക്കി. 

ഇയാളെ എടത്തല പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു. സംഭവം സമയത്ത് സുമതി വീട്ടിൽ ഒറ്റക്കായിരുന്നു. സംഭവം നടക്കുന്നതിന് മുൻപ് നാസര്‍ വീട്ടില്‍ വന്ന് സുമതിക്കൊപ്പം താമസിക്കുന്ന മകളും ചെറുമക്കളെല്ലാം എവിടെപ്പോയെന്ന് തിരക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നാസറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പ്രതിയെ ആലുവ കോടതി റിമാന്റ് ചെയ്തു.