സിഐടിയു ആലുവ ബൈപ്പാസ് യൂണിറ്റിലെ പ്രവര്‍ത്തകരായ വികെ ജോഷി, ജി മുരുകന്‍ എന്നിവരാണ് പ്രതിയെ പുഴയില്‍ ഇറങ്ങി പിടികൂടി പൊലീസിനെ സഹായിച്ചത്. 

എറണാകുളം: ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചവരുടെ ചിത്രം പങ്കുവച്ച് സിഐടിയു. ചുമട്ടു തൊഴിലാളികളും സിഐടിയു ആലുവ ബൈപ്പാസ് യൂണിറ്റിലെ പ്രവര്‍ത്തകരുമായ വികെ ജോഷി, ജി മുരുകന്‍ എന്നിവരാണ് പ്രതിയെ പുഴയില്‍ ഇറങ്ങി പിടികൂടി പൊലീസിനെ സഹായിച്ചതെന്ന് സിഐടിയു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. 

നീന്താന്‍ അറിയുന്നവര്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസ് തങ്ങളെ സമീപിച്ചതെന്ന് ജോഷി പറഞ്ഞു. തുടര്‍ന്ന് മുരുകനൊപ്പം പുഴയരികിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ ക്രിസ്റ്റില്‍ വെള്ളത്തിലേക്ക് ചാടി. അപ്പോള്‍ തന്നെ താന്‍ ചാടി ക്രിസ്റ്റിലിന്റെ കൈയിലും മുരുകന്‍ കോളറിലും പിടിച്ചു. അതോടെ ക്രിസ്റ്റില്‍ കീഴടങ്ങുകയായിരുന്നെന്ന് ജോഷി പറഞ്ഞു.

തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റില്‍ രാജിനെയാണ് പൊലീസ് പിടികൂടിയത്. ആലുവ പാലത്തിന് താഴെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതി പൊലീസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടുകയായിരുന്നു. ക്രിസ്റ്റില്‍ കൊടും ക്രിമിനലാണെന്ന് പൊലീസ് പറഞ്ഞു. വയോധികയെ പീഡിപ്പിച്ച കേസടക്കം തിരുവനന്തപുരം ജില്ലയില്‍ മാത്രം നിരവധി കേസുകളാണ് പ്രതിക്കെതിരെയുള്ളതെന്നാണ് പൊലീസ് പറയുന്നത്. 

വയോധികയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടക്കവെയാണ് ഒന്നര വര്‍ഷം മുന്‍പ് പ്രതി എറണാകുളത്തേക്ക് മുങ്ങിയത്. മേസ്തരി പണിക്ക് ബന്ധുവിനൊപ്പം പോകുന്നുവെന്നാണ് വീട്ടുകാരെ അറിയിച്ചത്. പിന്നീട് ഒരു വിവരവും ക്രിസ്റ്റിലിനെ കുറിച്ച് ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ മുതല്‍ കോഴി വരെ എന്തും മോഷ്ടിക്കുന്നതായിരുന്നു പ്രതിയുടെ രീതി. പകല്‍ പുറത്തിറങ്ങില്ല. രാത്രിയാണ് സഞ്ചാരം. ചെങ്കലിലെ വീട്ടില്‍ പല കേസുകളിലായി പല തവണ പൊലീസ് അന്വേഷിച്ച് എത്തിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.


പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തിയെന്ന് മന്ത്രി

ആലുവ: പീഡനത്തിനിരയായ എട്ടു വയസുകാരിക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു.

മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതി അതിജീവിതയുടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്ന് റിപ്പോര്‍ട്ട്

YouTube video player