ക്യാന്‍സര്‍ രോഗികള്‍ക്ക്‌ നല്‍കാന്‍ ആറര വര്‍ഷമായി മുടി നീട്ടി വളര്‍ത്തുകയാണ്‌ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ അമരീന്ദര്‍.  മുടി ഇപ്പോള്‍ 35 ഇഞ്ചിലധികം വളര്‍ന്നു.

ആലപ്പുഴ: ക്യാന്‍സര്‍ രോഗികള്‍ക്ക്‌ നല്‍കാന്‍ ആറര വര്‍ഷമായി മുടി നീട്ടി വളര്‍ത്തുകയാണ്‌ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായ അമരീന്ദര്‍. മുടി ഇപ്പോള്‍ 35 ഇഞ്ചിലധികം വളര്‍ന്നു. എന്നാല്‍ കോവിഡ്‌ അമരീന്ദറിനും തിരിച്ചടിയായി, മുടിദാനം മുടങ്ങി. 

നീളന്‍ മുടി ചീകിയൊതുക്കി നെറുകയില്‍ ചുരുട്ടിക്കെട്ടിയാണ്‌ സ്‌കൂളില്‍ പോയിരുന്നത്‌. അധ്യാപകരും നാട്ടുകാരും പിന്തുണയായുണ്ട്‌. 2015 ജനുവരി നാലിന്‌ 10 വയസുള്ളപ്പോള്‍ കിംസ്‌ ആശുപത്രി കോട്ടയത്ത്‌ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആദ്യം മുടി സംഭാവന ചെയ്‌തത്‌. 

നടന്‍ ജയറാമാണ്‌ അന്ന്‌ മുടി മുറിച്ച്‌ മലയാളികള്‍ക്കിടയില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മുടിദാനമെന്ന ആശയം പങ്കുവച്ചത്‌. പഴനിയില്‍ പോയി മുടി മുറിക്കാന്‍ കുഞ്ഞുനാളില്‍ നീട്ടിത്തുടങ്ങിയത്‌ പിന്നീട്‌ അര്‍ബുദരോഗികള്‍ക്ക്‌ നല്‍കുകയെന്ന ലക്ഷ്യത്തിലെത്തുകയായിരുന്നു. 

ജ്യേഷ്‌ഠന്റെ ശസ്‌ത്രക്രിയയുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പോയപ്പോള്‍ ക്യാന്‍സര്‍ രോഗികളുടെ ബുദ്ധിമുട്ട്‌ മനസിലാക്കി അച്ഛൻ ഭുവനേന്ദ്രനാണ്‌ അവര്‍ക്കായി മുടി സംഭാവന ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്‌. നാട്ടിന്‍പുറത്തെ പച്ചമരുന്നുകള്‍ ഉപയോഗിച്ച്‌ പ്രത്യേകം തയാറാക്കുന്ന എണ്ണയാണ്‌ ഉപയോഗിക്കുന്നത്‌. 

കളപ്പുര ശ്രീമഹാദേവ കലാപീഠത്തിലെ മനുവിന്റെ ശിക്ഷണത്തില്‍ ചെണ്ട പഠിക്കുന്ന അമരീന്ദര്‍ ഇടയ്‌ക്കയിലും പ്രതിഭയാണ്‌. സിനിമാ, മോഡലിങ്‌ രംഗവും സ്വപ്‌നമാണ്‌. ആലപ്പുഴ കൊമ്മാടി വാര്‍ഡില്‍ കേളംപറമ്പില്‍ ഭുവനേന്ദ്രന്‍-ഷീബ ദമ്പതികളുടെ മകനും ആലപ്പുഴ എസ്‌ഡിവി സ്‌കൂളിലെ വിദ്യാര്‍ഥിയുമാണ്‌.